പുൽപള്ളി: നാലുകോടിയിലധികം രൂപ ചെലവഴിച്ച പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമാണം പൂർത്തിയാക്കി ഏഴ് വർഷം കഴിഞ്ഞിട്ടും രോഗികൾക്കായി തുറന്നുകൊടുത്തിട്ടില്ല. പുതിയ കെട്ടിടത്തിനുള്ളിലെ ഉപകരണങ്ങളടക്കം തുരമ്പെടുത്തും പൊടി പിടിച്ചും നശിക്കുകയാണ്.
പനമരം ബ്ലോക്ക് പഞ്ചായത്ത് 2012-17 കാലയളവിൽ എം.എസ്.ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിച്ചത്. നിലവിൽ ടൗണിനടുത്തുള്ള ആശുപത്രിക്ക് ഒരു കിലോമീറ്റർ അകലെ താഴെയങ്ങാടി അമൃത സ്കൂളിന് സമീപത്താണ് പുതിയ കെട്ടിടം.
പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ആശ്രയമായ ആശുപത്രി മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെട്ടിടം നിർമിച്ചത്. ഡയാലിസിസ് യൂനിറ്റ്, ഐ.സി.യു, മിനി ഓപറേഷൻ തിയറ്റർ, എക്സറേ യൂനിറ്റ്, ലേബർ റൂം, കിടത്തി ചികിത്സ വാർഡുകൾ തുടങ്ങിയവ പുതിയ കെട്ടിടത്തിലുണ്ട്.
മൂന്ന് നിലകളിലായി നിർമിച്ച കെട്ടിടത്തിൽ ലിഫ്റ്റും റാമ്പും അടക്കമുള്ള സൗകര്യങ്ങളുണ്ട്. വലിയ ഹാളുകൾ കൗണ്ടറുകളാക്കി തിരിക്കുന്നതടക്കം നിലവിൽ 20 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് ആശുപത്രി കെട്ടിടത്തിനുള്ളിൽ ഇപ്പോൾ നടക്കുന്നത്. ഈയടുത്ത് ഐസൊലേഷൻ വാർഡും പൂർത്തീകരിച്ചു.
ഇതിനും ലക്ഷങ്ങൾ ചെലവഴിച്ചു. ഇവിടം ഇപ്പോൾ കാടുമൂടുകയാണ്. ആശുപത്രിയുടെ റോഡും മുൻ വശവുമെല്ലാം ഇൻന്റലോക്കും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് ആശുപത്രി കോവിഡ് രോഗികൾക്കായി തുറന്നുകൊടുത്തിരുന്നു. അന്ന് ഇവിടെ എത്തിച്ച ഓക്സിജൻ സിലിണ്ടറുകൾ അടക്കം കാടുമൂടി കിടക്കുകയാണ്. ഇത് ഇവിടെ നിന്നും നീക്കം ചെയ്യാനും നടപടി ഉണ്ടായില്ല. ഈയടുത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ഇവിടം സന്ദർശിച്ചിരുന്നു.
ആശുപത്രി തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ടൗണിനടുത്തുള്ള നിലവിലെ ആശുപത്രി പരിമിതികൾക്ക് നടുവിലാണ് പ്രവൃത്തിക്കുന്നത്. ആറോളം ഡോക്ടർമാരാണ് ഇവിടെ വേണ്ടത്. എന്നാൽ മിക്കപ്പോഴും പകുതി ഡോക്ടർമാരേ ഉണ്ടാകൂ. നിന്ന് തിരിയാൻ ഇടമില്ലാത്ത ഈ ആശുപത്രി കെട്ടിടം രോഗികൾക്കും ജീവനക്കാർക്കും ദുരിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.