പുൽപള്ളി: നെൽകൃഷി മൂപ്പെത്തുന്നതിനു മുമ്പേ കൊയ്ത്ത് നടത്തി കർഷകർ. ശക്തമായ വരൾച്ചയെ തുടർന്ന് ജലസേചനത്തിന്റെ അഭാവത്താൽ നെൽചെടികൾ വളർച്ചയെത്താത്തതിനെത്തുടർന്ന് കൊയ്ത്തിന്റെ സമയം വൈകുകയായിരുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതിനാൽ ഇനിയും കാത്തിരുന്നാൽ കൃഷി നശിക്കും. ഇതോടെയാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിലെ വയലുകളിൽ കൃഷിയിറക്കിയ കർഷകർ നേരത്തേ തന്നെ കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്.
പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ശക്തമായ വരൾച്ചയായിരുന്നു മുൻ മാസങ്ങളിൽ. ഇതേത്തുടർന്ന് വിവിധ കൃഷികൾ പലയിടത്തും നശിച്ചു. കബനി തീരത്തെ മരക്കടവ്, കൊളവള്ളി പാടശേഖരങ്ങളിൽ ജല ദൗർലഭ്യത്താൽ നെൽകൃഷിക്കാർ ഏറെ പ്രയാസം അനുഭവിച്ചു. രണ്ട് പാടശേഖരങ്ങളിലായി നൂറോളം കർഷകരാണ് നെൽകൃഷിയിറക്കിയത്. കർഷകർക്ക് കബനി നദിയിൽ നിന്നും വെള്ളമെടുക്കാൻ സാധിച്ചിരുന്നില്ല.
കബനിയിലും ജലനിരപ്പ് പാടെ നിലച്ചിരുന്നു. ഈ സാഹചര്യത്തിൽ വളർച്ച നിലച്ച നെൽചെടികൾ രണ്ടാഴ്ച മുമ്പ് ലഭിച്ച വേനൽ മഴയിലാണ് കരുത്താർജിച്ചത്. ഇനിയും രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ കൊയ്ത്തിന് പാകമാവുകയുള്ളു. എന്നാൽ, ഇനിയും വൈകിയാൽ മഴ പെയ്താൽ അവശേഷിക്കുന്ന കൃഷി കൂടി ഇല്ലാതാകുമെന്നും കർഷകർ പറയുന്നു.
ഈ അവസ്ഥയിലാണ് പാലക്കാടുനിന്നും കൊയ്ത്ത് യന്ത്രങ്ങൾ കൊണ്ടുവന്ന് അടിയന്തരമായി കൊയ്ത്ത് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ പലയിടത്തും മഴവെള്ളത്തിൽ കിടന്ന് വൈക്കോൽ നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.