പുൽപള്ളി: ജനവാസ മേഖലകളെ ബഫർ സോണിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബഫർ സോണിൽ ഉൾപ്പെട്ട ജനവാസ മേഖലകളെ മാപ്പിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പുൽപള്ളി ഗ്രാമപഞ്ചായത്തിലെ വീട്ടി മൂല, ചാത്തമംഗലം, പള്ളിച്ചിറ, കുറിച്ചിപ്പറ്റ തുടങ്ങിയ പ്രദേശങ്ങൾ ഈ മാപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. ബഫർസോൺ മാപ്പാണ് പ്രദേശത്ത് പരിഭ്രാന്തി പടർത്തിയിരിക്കുന്നത്.
അധികൃതരുടെ ഭാഗത്തുനിന്ന് കർഷകർക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കേണ്ടിവരുമെന്ന തീരുമാനത്തിലാണ് പ്രദേശവാസികൾ.
കഴിഞ്ഞദിവസങ്ങളിൽ പുൽപള്ളിക്കടുത്ത കുറിച്ചിപ്പറ്റ എസ്.എൻ.ഡി.പി പ്രാർഥനാലയത്തിലും വീട്ടിമൂല കൈരളി വായനശാലയിലും ചേർന്ന നാട്ടുകാരുടെ യോഗം ആശങ്കകൾ പങ്കുവെച്ചു. തുടർന്ന് ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ ഓഫിസിൽ ഇവരെത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. എന്നാൽ, കൃത്യമായ ഒരു വിവരം ഈ മാപ് സംബന്ധിച്ച് ലഭ്യമായിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
300ഓളം കുടുംബങ്ങൾ താമസിക്കുന്ന ജനസാന്ദ്രമായ പ്രദേശമാണ് മാപ്പിൽ ഇടം പിടിച്ചത്. നാല് ആദിവാസി കോളനികൾ, വിവിധ സ്ഥാപനങ്ങൾ, പശു ഫാമുകൾ, കോഴിഫാമുകൾ തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുണ്ട്. അതേസമയം റിസോർട്ട്, ഹോം സ്റ്റേ ഇവയൊന്നും ഉൾപ്പെട്ടിട്ടുമില്ല. ഈ പ്രദേശങ്ങൾ ബഫർസോണിൽ ഉൾപ്പെട്ടതായ ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തില്‍ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ പ്രദേശത്തുകാരുടെ പരാതികൾ രേഖാമൂലം സ്വീകരിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്.
വനം വകുപ്പ് അടിയന്തരമായി പ്രദേശത്ത് സർവേ നടത്തി കാടും നാടും കൃത്യമായി വേർതിരിക്കണമെന്ന് നാട്ടുകാരാവശ്യപ്പെടുന്നു. ഇപ്പോൾ പുറത്തുവന്നിട്ടുള്ള മാപ് ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയാണ് വന്നത്. ഇത് നിരസ്സിക്കുന്നതിനോ പിൻവലിക്കുന്നതിനോ വനം വകുപ്പ് ഇതുവരെ തയാറായിട്ടില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു. ജനവാസ മേഖലകളെ മുഴുവൻ ബഫർസോണിൽനിന്ന് ഒഴിവാക്കണമെന്ന അപേക്ഷ ബത്തേരി വൈൽഡ് ലൈഫ് വാർഡന് ഓഫിസിൽ കൊടുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഈ പ്രദേശങ്ങളിലുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കാലമായതിനാൽ വോട്ട് ബഹിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള സമരമാർഗങ്ങൾ അവലംബിക്കാൻ ആലോചിക്കുന്നതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.