പുൽപള്ളി: കുഴൽക്കിണർ നിർമാണം പൂർത്തിയാക്കിയിട്ടും പൂതാടി പഞ്ചായത്തിലെ ഇരുളം കോട്ടക്കൊല്ലി കോളനിക്കാർക്ക് കുടിവെള്ളമില്ല. രണ്ടരവർഷം മുമ്പ് കുഴൽക്കിണർ നിർമിച്ചെങ്കിലും അനുബന്ധ പ്രവൃത്തി നടത്താത്തതാണ് വെള്ളം ലഭിക്കാതിരിക്കാൻ കാരണം. പത്തോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി അനുഭവിക്കുന്ന ദുരിതം ഏറെയാണ്.
ചെങ്കുത്തായ കയറ്റത്തിലാണ് കോളനി. നിലവിൽ ഏറെ കഷ്ടപ്പെട്ടാണ് വെള്ളം തലച്ചുമടായി കൊണ്ടുപോകുന്നത്. സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്നാണ് ഇപ്പോൾ വെള്ളം ഉപയോഗിക്കുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി രണ്ടരവർഷം മുമ്പ് പഞ്ചായത്താണ് കോളനിക്കാർക്കായി കുഴൽക്കിണർ നിർമിച്ചത്. എന്നാൽ, മോട്ടോറും അനുബന്ധപ്രവർത്തനങ്ങളും നടത്താൻ പൂതാടി പഞ്ചായത്ത് തയാറായിട്ടില്ലെന്നാണ് പരാതി.
അടിയ, പണിയ പാക്കേജിൽ ഉൾപ്പെടുത്തി മൂന്നര ലക്ഷം രൂപ തുടർപ്രവർത്തനങ്ങൾക്കായി നൽകിയെങ്കിലും നാളിതുവരെ ഇവർക്ക് കുടിവെള്ളം എത്തിച്ച് കൊടുക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. വേനൽ തുടങ്ങിയതോടെ കോളനിവാസികൾ വലയുകയാണ്. രാവിലെ പണിക്കു പോയാൽ വൈകീട്ടാണ് ഇവർ തിരിച്ചെത്തുന്നത്. തലച്ചുമടായി വെള്ളം എത്തിക്കുന്നത് രാത്രികാലങ്ങളിലാണ്. ഇതുസംബന്ധിച്ച് പരാതിയിൽ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.