പുൽപള്ളി: പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട താഴെശ്ശേരി കാട്ടുനായ്ക്ക കോളനി നിവാസികൾ കുടിവെള്ളത്തിനായി അലയുന്നു. ഒരു കിലോമീറ്റർ ദൂരം വനത്തിലൂടെയും അര കിലോമീറ്ററോളം ചളിനിറഞ്ഞ വയലിലൂടെയും സഞ്ചരിച്ച് കുറുവാ ദ്വീപിന് സമീപമുള്ള പുഴയിൽനിന്നാണ് ഇവർ വെള്ളം ശേഖരിക്കുന്നത്. നിലവിലുള്ള കുടിവെള്ള പദ്ധതിയിൽനിന്ന് വെള്ളം ലഭിക്കാതായതോടെയാണ് ഇവർ വെള്ളത്തിനായി കഷ്ടപ്പെടുന്നത്.
2013ൽ താഴെശ്ശേരി കോളനിക്കാർക്ക് വെള്ളം ലഭ്യമാക്കുന്നതിനായി പദ്ധതി നടപ്പാക്കിയിരുന്നു. താഴശ്ശേരി വയലിനോട് ചേർന്ന് കുളം നിർമിച്ച് അതിൽ നിന്നാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പല സ്ഥലങ്ങളും കുഴിച്ചിരുന്നു. എന്നാൽ, പൈപ്പുകളിട്ട ചില ഭാഗങ്ങളിലൂടെ താഴെശ്ശേരി പദ്ധതിയുടെ പൈപ്പ് ലൈനുകളും കടന്നുപോയിട്ടുണ്ട്. ഈ ഭാഗങ്ങളിലെ പൈപ്പുകൾ ഇപ്പോൾ തകർന്ന നിലയിലാണ്. ഇതോടെയാണ് കുടിവെള്ളം കിട്ടാതായത്. നൂറോളം വീടുകളാണ് താഴെശ്ശേരി കോളനിയിലുള്ളത്. വെള്ളത്തിനായി കോളനിക്കാർ ദുരിതങ്ങൾ താണ്ടുകയാണ്.
കൊടും വനത്തിനുള്ളിലൂടെ നടന്നുപോയാണ് ഇവർ വെള്ളം കൊണ്ടുവരുന്നത്. പലപ്പോഴും കാട്ടാനയുടെയും മറ്റും മുമ്പിൽ ഇവർ അകപ്പെട്ടിട്ടുണ്ട്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ അധികൃതർ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് ഇവരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.