പുൽപള്ളി: ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് നെല്ല് സംഭരിച്ച് ശാസ്ത്രീയമായി സംസ്കരിച്ച് വിപണിയിലെത്തിക്കുന്ന വയനാട് ആനപ്പാറ വാരിശ്ശേരിയിൽ അജയകുമാർ എന്ന ഉദയൻ (47) കാർഷിക വ്യവസായ സംരംഭകരിൽ വ്യത്യസ്തനാകുന്നു. നാടൻ നെല്ലിനങ്ങളടക്കം കൃഷിചെയ്തും നിരവധി ആളുകൾക്ക് തൊഴിൽ നൽകിയും ഈ യുവ വ്യവസായ സംരംഭകൻ ശ്രദ്ധേയനാവുകയാണ്.
പുൽപള്ളി ആനപ്പാറയിലാണ് ഉദയെൻറ വയനാട് റൈസ് മിൽ എന്ന സ്ഥാപനം. ഈ നെല്ല് സംസ്കരണ ഫാക്ടറിയിലേക്ക് പ്രവേശിക്കുമ്പോൾ പുഴുങ്ങിയ നെല്ല് ഉണക്കിയെടുക്കാനുള്ള വിശാലമായ കളം കാണും. ഇത് കാൻവാസ് ഷീറ്റുകൊണ്ട് മറച്ചിരിക്കുന്നതിനാൽ മാലിന്യം കലരുകയില്ല. ചൈനയിൽനിന്നും ചെന്നൈയിൽനിന്നും ഇറക്കുമതിചെയ്ത ബോയിലറുകളിലാണ് നെല്ല് പുഴുങ്ങുന്നത്. ഇത് ഉണക്കി ആധുനിക നെല്ലുകുത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് അരിയാക്കി പാക്ക് ചെയ്യുന്നു.
നാടൻ നെല്ലിനങ്ങളായ തൊണ്ടി, പാൽതൊണ്ടി, അടക്കൻ, പനിച്ചൂരി, ഗന്ധകശാല, സങ്കരയിനങ്ങളായ കല്യാണി, ഉമ, ആതിര തുടങ്ങിയ നെല്ലിനങ്ങളാണ് അരിയാക്കി മാറ്റുന്നത്. പൊടിയരിയും നുറുക്കലരിയും ലഭ്യമാണ്. കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്നതിനാൽ ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് പൊതുമാർക്കറ്റിനേക്കാൾ ഉയർന്ന വില നൽകുന്നു. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് അരി സംസ്കരിച്ചെടുക്കുന്നതിനാൽ കെട്ടിക്കിടക്കുകയോ അവ കേടാകാതിരിക്കാൻ കീടനാശിനി പ്രയോഗമോ വേണ്ടിവരുന്നില്ല. വയനാട്ടിൽ ഇത്തരം ഒരു മികച്ച അരി സംസ്കരണ കേന്ദ്രം മറ്റൊരിടത്തുമില്ല.
പുൽപള്ളി മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറും കോൺഗ്രസ് നേതാവുമായിരുന്ന വി.എൻ. ലക്ഷ്മണെൻറ മകനായ ഉദയൻ ഒരു സ്വയം തൊഴിൽസംരംഭം എന്ന രീതിയിലാണ് 2011ൽ അരി സംസ്കരണ കേന്ദ്രം തുടങ്ങിയത്. ആദ്യഘട്ടത്തിൽ പല ബാങ്കുകളും വായ്പ നൽകി സഹായിക്കാൻ മടി കാണിച്ചു. എന്നാൽ, ബത്തേരിയിലെ ഫെഡറൽ ബാങ്ക് ശാഖയാണ് സഹായത്തിനെത്തിയതെന്ന് ഉദയൻ പറഞ്ഞു. വയനാട് അഗ്രികൾചറൽ ആൻഡ് സ്പൈസസ് െപ്രാഡ്യൂസേഴ്സ് എന്ന സംഘടനയുടെ ചെയർമാനായ ഉദയൻ കർണാടകയിൽ ഇഞ്ചി കൃഷിയും നടത്തുന്നുണ്ട്. ഇഞ്ചി, മഞ്ഞൾ എന്നിവ മൂല്യവർധിത ഉൽപന്നങ്ങളാക്കിമാറ്റാനുള്ള ശ്രമത്തിലാണ് ഉദയൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.