പുത്തുമല ദുരന്തഭൂമിയുടെ ഇപ്പോഴത്തെ കാഴ്​ച (ഫോട്ടോ: ബൈജു കൊടുവള്ളി)

പുത്തുമലയുടെ നോവിന് ഒരാണ്ട്

മേപ്പാടി: താഴ്വാരത്ത് തേയിലത്തോട്ടങ്ങളാൽ പച്ചപുതച്ച മനോഹരമായ പുത്തുമല ഗ്രാമം ഭൂപടത്തിൽനിന്നുതന്നെ മാഞ്ഞുപോയിട്ട് ഒരാണ്ട് തികഞ്ഞു. 85 കുടുംബങ്ങൾ വസിച്ചിരുന്ന പുത്തുമലയും മുകളിലായി പച്ചക്കാട് ഗ്രാമവും ഇന്ന് പ്രേതഭൂമി പോലെ അനാഥമാണ്. മഹാദുരന്തത്തി​െൻറ ഉണങ്ങാത്ത മുറിവുംപേറി ഒഴുകിയെത്തിയ കൂറ്റൻ മരങ്ങളും പാറക്കൂട്ടങ്ങളും തകർന്ന വീടുകളും വിജനമായ ബസ് കാത്തിരിപ്പു കേന്ദ്രവും വാഹനങ്ങളുടെ അവശിഷ്​ടങ്ങളുമാണ് ഒരു വർഷത്തിനിപ്പുറം ഇവിടെ കാണാനാകുക. മലമുകളിൽനിന്ന് ആർത്തലച്ചെത്തിയ മഹാപ്രവാഹത്തിൽ എല്ലാം ഒലിച്ചുപോയി. മഹാദുരന്തത്തെ ഓർമപ്പെടുത്തി ഒന്നാം വാർഷികത്തിലും മഴ ഇടമുറിയാതെ പെയ്യുകയാണ്.

2019 ആഗസ്​റ്റ് എട്ട്, നിലക്കാത്ത കൊടുംമഴ, പുലർച്ച പച്ചക്കാട്ട് മണ്ണിടിച്ചിലുണ്ടായതോടെ കുടുംബങ്ങളെ സമീപത്തെ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വൈകീട്ട് നാലോടെ മലകളിടിച്ചെത്തിയ പ്രളയജലത്തിൽ പച്ചക്കാടും അതിനു താഴെയുണ്ടായിരുന്ന പുത്തുമലയും ഒന്നാകെ ഒഴുകിപ്പോയി. 17 ജീവനുകളും മണ്ണിൽപുതഞ്ഞു. പ്രദേശത്തെ 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നു. ദിവസങ്ങളോളം നീണ്ട തിരച്ചിലുകൾക്കൊടുവിൽ 12 പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായെങ്കിലും നാടി​െൻറ പ്രിയപ്പെട്ടവരിൽ അഞ്ചുപേർ ഇന്നും കാണാമറയത്താണ്. അതിലൊരാളുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്​ടങ്ങൾ മാസങ്ങൾക്കുശേഷം ഏലവയലിന് സമീപത്തുവെച്ച് ലഭിച്ചെങ്കിലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സ്വന്തമെന്ന് പറഞ്ഞിരുന്നതെല്ലാം നഷ്​ടപ്പെട്ടതി​െൻറ ദുരന്ത സ്മരണകളുമായി വാടക മുറികളിലോ ബന്ധു വീടുകളിലോ കഴിയുകയാണ് ഈ കുടുംബങ്ങൾ. എല്ലാം നഷ്​ടപ്പെട്ട ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഒരു വർഷം പിന്നിടുമ്പോഴും പാതിവഴിയിലാണ്. ആകെ 95 കുടുംബങ്ങളാണ് പുത്തുമലയിലെ ദുരിതബാധിതർ. പുനരധിവസിപ്പിക്കാനായി കള്ളാടി വാഴക്കാല എസ്​റ്റേറ്റിൽ ഭൂമി കണ്ടെത്തിയെങ്കിലും നിയമപ്രശ്നത്തിൽ കുടുങ്ങി ഉപേക്ഷിച്ചു. ടൗൺഷിപ് പദ്ധതി അനന്തമായി നീണ്ടതോടെ ഏതാനും കുടുംബങ്ങൾ പദ്ധതിയിൽനിന്ന് പിന്മാറി. മാസങ്ങൾക്കു മുമ്പാണ് മേപ്പാടി കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലിയിൽ ഭൂമി കണ്ടെത്തി വീടുകൾക്ക് തറക്കല്ലിട്ടത്.

നേരത്തേ 43 കുടുംബങ്ങൾ 10 ലക്ഷം രൂപ പ്രളയ സഹായം കൈപ്പറ്റിയിരുന്നു. നിലവിൽ 52 കുടുംബങ്ങൾക്കാണ് ടൗൺഷിപ് പദ്ധതിയിൽ വീടൊരുങ്ങുന്നത്. കൂടാതെ, സന്നദ്ധ സംഘടനകളും ദുരിതബാധിതർക്ക് വീട് നിർമിച്ചു നൽകുന്നുണ്ട്. ഇവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.