ഉരുൾപൊട്ടൽ: കാണാതായ 138 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു; ഒമ്പതാം ദിവസവും തിരച്ചിൽ ഊർജിതം

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഒമ്പതാം ദിവസവും ഊർജിതം. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടന്ന സ്ഥലങ്ങളും ദൗത്യസംഘം വിശദമായി പരിശോധിക്കും.

കൂടാതെ, ചാലിയാറിലെ സൺറൈസ് വാലിയിൽ പ്രത്യേക ദൗത്യസംഘം തിരച്ചിൽ നടത്തും. 12 അംഗങ്ങളാണ് സംഘത്തിലുള്ളത്. എസ്.ഒ.ജി കമാൻഡർമാർ നാലു പേരും സൈന്യത്തിൽ നിന്ന് ആറു പേരും വനം വകുപ്പിൽ നിന്ന് രണ്ടു പേരുമാണുള്ളത്. കൽപറ്റ എസ്.കെ.എം.ജി എച്ച്.എസ്.എസ് മൈതാനത്ത് നിന്ന് ആദ്യ ആറംഗ സംഘം ഹെലികോപ്റ്ററിൽ സൺറൈസ് വാലിയിലെത്തി. തിരച്ചിലിന് കഡാവർ ഡോഗും ആർമി ഡോഗ് മോനിയും ഉണ്ട്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ആറു കിലോമീറ്റർ ദൂരത്തിലാണ് തിരച്ചിൽ നടത്തുക.

അതിനിടെ, ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചു. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ കാണാതായവരുടെ പേരും മേൽവിലാസവും ചിത്രവുമാണ് കരട് പട്ടികയിലുള്ളത്. ഇത് കൂടാതെ, ഗ്രാമപഞ്ചായത്തും നാട്ടുകാരും കാണാതായവരുടെ പട്ടിക തയാറാക്കുന്നുണ്ട്. ഇതും വരും ദിവസങ്ങളിൽ പുറത്തുവരും.

ദുരന്തത്തിൽപ്പെട്ട 152 പേരെ കൂടി കാണാനുണ്ടെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ഉരുൾ ദുരന്തത്തിൽപ്പെട്ട 661 കുടുംബങ്ങളിലെ 2217 പേർ 16 ക്യാമ്പുകളിൽ കഴിയുന്നുണ്ട്. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം, അട്ടമല മേഖലകളിലായി 4,883 വീടുകളെ ഉരുൾപൊട്ടൽ ബാധിച്ചിട്ടുണ്ട്.

Tags:    
News Summary - Wayanad Landslide: List of 138 missing published; On the ninth day, the search intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.