ചൂരൽമല (വയനാട്): ഉരുൾപൊട്ടിയൊഴുകിയ മഹാദുരന്തത്തിന്റെ ശേഷിപ്പിൽനിന്ന് ലഭിക്കുന്ന ഓരോ മൃതദേഹങ്ങളെയും ജിത്തു പ്രതീക്ഷയോടെ നോക്കും. സൈനികനായി ദുരന്തഭൂമിയിൽ സേവനമനുഷ്ഠിക്കുമ്പോഴും ആ മൃതദേഹങ്ങളിൽ തന്റെ പ്രിയപ്പെട്ടവരെക്കൂടിയാണ് അയാൾ തിരയുന്നത്. ദുരന്തം തകർത്തെറിഞ്ഞ ചൂരൽമല സ്വദേശിയാണ് ഈ പട്ടാളക്കാരനാണെന്നതുതന്നെ കാരണം. ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ള സ്വന്തം നാട്ടുകാരുടെ മൃതദേഹം തിരയാനുള്ള നിയോഗമാണ് ഇന്നയാൾക്ക്.
ഒരാഴ്ച മുമ്പ് പാതിരാത്രി 2.30നാണ് ജിത്തുവിനെത്തേടി ബാംഗ്ലൂർ സൈനിക ക്യാമ്പിലേക്ക് സഹോദരന്റെ വിളിയെത്തുന്നത്. നാട്ടിൽ ഉരുൾപൊട്ടൽ സംഭവിച്ചിരിക്കുന്നു. ചൂരൽമലയിലും പരിസര പ്രദേശങ്ങളിലും ഉരുൾപൊട്ടൽ ആദ്യമായിട്ടല്ല. അതുകൊണ്ട് അത്ര കാര്യമായി എടുത്തില്ല. എന്നാൽ, പിറ്റേന്ന് രാവിലെ അമ്മ ഫോൺ വിളിച്ചപ്പോഴാണ് തന്റെ നാടുതന്നെ ഇല്ലാതായ വിവരം അറിയുന്നത്. ഉടൻതന്നെ ജന്മനാട്ടിലേക്ക് തിരിച്ചു. മദ്രാസ് റെജിമെന്റിലെതന്നെ സഹപ്രവർത്തകർക്കൊപ്പം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തനിക്ക് വളർച്ചയുടെ പടവുകൾ കയറാൻ ഊർജമേകിയ വെള്ളാർമല സ്കൂളിന്റെ തകർന്ന കെട്ടിടം കണ്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു. പട്ടാളക്കാരനായതിന് ശേഷം തന്നെ ആദരിച്ചപ്പോൾ കൈയടിച്ച നിഷ്കളങ്കമായ ഒരുപാട് ബാല്യങ്ങളുടെ മുഖങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു.
അമ്മൂമ്മയും അമ്മാവനും അമ്മായിയും അവരുടെ മകനുമുൾപ്പെടെ ജിത്തുവിന് പ്രിയപ്പെട്ട നാല് ജീവനുകളാണ് മണ്ണെടുത്തത്. കളിച്ചുവളർന്ന നാടിന്റെ മിടിപ്പറിഞ്ഞതുകൊണ്ടുതന്നെ രക്ഷാപ്രവർത്തന ദൗത്യത്തിൽ വലിയ പങ്ക് വഹിച്ചു. കുത്തിയൊഴുകുന്ന ചാലിയാറിന്റെ ഓളങ്ങളിലും ജീവന്റെ ശേഷിപ്പ് തേടി മുങ്ങിത്തപ്പി. കൂരിരുട്ടിന്റെ തിരശ്ശീലയിൽ മല കുഴഞ്ഞുവീണ് മണ്ണൊഴുകിയ ആ ശ്മശാനഭൂമിയിൽ ഒരു പട്ടാളക്കാരൻ വിതുമ്പലോടെ തന്റെ ദൗത്യം നിറവേറ്റുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.