വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലും ഇൻക്വസ്റ്റ് മുറിയിലും സേവനത്തിലേർപ്പെട്ട രണ്ടു സന്നദ്ധപ്രവർത്തകർ അനുഭവം പങ്കിടുന്നു.
മലപ്പുറം: ജീവിതത്തിലെ വലിയ പാഠമായിരുന്നു വയനാട് ഉരുൾപൊട്ടൽ നൽകിയതെന്ന് ടീം വെൽഫെയർ വനിതവിഭാഗം വളന്റിയർ ക്യാപ്റ്റൻ ഹസീന വഹാബ്. മോർച്ചറി, ഇൻക്വസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വളന്റിയർമാർക്കുണ്ടായ അനുഭവങ്ങൾ വിവരണാതീതമാണ്. ഒരൊറ്റ ദിവസം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലെത്തിയത് 79 മൃതദേഹങ്ങളായിരുന്നു. അധികവും ശരീരഭാഗങ്ങൾ. പൂർണമെന്നു പറയാൻ വളരെ കുറച്ചുമാത്രം. തന്റെ സ്വന്തക്കാരെന്ന് കരുതിയാണ് കുളിപ്പിച്ച് വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞത്. തനിക്കിത് പറ്റില്ലെന്ന വിചാരത്തോടെ ആരും പിന്തിരിഞ്ഞില്ല. തങ്ങൾക്കും ഈ ഗതി വന്നാലെന്ന ചിന്തയാണുണ്ടായിരുന്നത്. 15 മണിക്കൂറിനുള്ളിൽ 55ഓളം മൃതദേഹങ്ങൾ പരിപാലിക്കേണ്ടിവന്ന അവസ്ഥ ഉൾക്കിടിലമുണ്ടാക്കുന്നതായിരുന്നു. താനൂർ ബോട്ട് ദുരന്തവേളയിലും കവളപ്പാറയിലും വനിത വളന്റിയർമാർ പ്രവർത്തിച്ചിരുന്നെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമാണ്. സാധാരണ മൃതദേഹങ്ങൾ കുളിപ്പിക്കാൻ പോകാത്ത പലരുമാണ് അവയവങ്ങൾ ഇൻക്വസ്റ്റ് ചെയ്യാനും വൃത്തിയാക്കാനും ഡ്രസ് ചെയ്യാനും മുൻകൈയെടുത്തത്. അഞ്ചു ദിവസം നൂറിലേറെ ടീം വെൽഫെയർ, ഐ.ആർ.ഡബ്ല്യു വനിത വളന്റിയർമാരാണ് മൃതദേഹ പരിപാലനത്തിന്റെ ഭാഗമായത്. നിരവധി പുരുഷ വളന്റിയർമാരും രാപ്പകൽ സേവനം ചെയ്തു. പലരുടെയും വളയും മോതിരവും കമ്മലും ശസ്ത്രക്രിയയുടെ പാടുകളുമെല്ലാമാണ് ആളുകളെ തിരിച്ചറിയാൻ സഹായിച്ചത്. നാട്ടിൽ ഏതു ദുരന്തമുണ്ടായാലും ഒറ്റക്കെട്ടായി അതിജയിക്കാമെന്ന പാഠമാണ് വയനാട് ദുരന്തം നൽകുന്നത് -ഹസീന വഹാബ് പറഞ്ഞു.
മലപ്പുറം: വയനാട് ദുരന്തം തന്റെ ജീവിതം മാറ്റിമറിച്ചെന്ന് സന്നദ്ധ പ്രവർത്തകനും മൃതദേഹപരിപാലകനുമായ കൊണ്ടോട്ടി ഒഴുകൂരിലെ ബഷീർ കളത്തിപറമ്പിൽ. അതിദയനീയമായിരുന്നു നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലെ കാഴ്ചകൾ. കരിപ്പൂർ വിമാനദുരന്തത്തിലും പ്രളയത്തിലും കവളപ്പാറയിലും കോവിഡ് വേളയിലും താൻ കർമനിരതനായിട്ടുണ്ട്. നിരവധി അപകട രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. എന്നാൽ, ഇത്രയേറെ ഹൃദയവേദനയുണ്ടാക്കിയ കാഴ്ചകൾ മുമ്പ് കണ്ടിട്ടില്ല. പലപ്പോഴും മനസ്സ് മാറി ഒരു കൊച്ചുകുട്ടിയുടെ അവസ്ഥയിലായി. ഓരോ മൃതദേഹഭാഗം വരുമ്പോഴും ദൈവമേ... ഇനി വരുന്നത് ഇതിലും മോശമാവല്ലേ എന്നാഗ്രഹിച്ചു. ദുരന്തത്തിന്റെ ഇരകളെക്കുറിച്ചുള്ള വ്യാകുലതകളും ചിന്തകളും ഉറക്കംകെടുത്തുന്നതായിരുന്നു. വലിയ അനുഭവവും ജീവിതപാഠവുമാണ് വയനാട് ദുരന്തം നൽകിയത് -ബഷീർ പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രികൾ കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി വളന്റിയർ സേവനം ചെയ്യുന്ന ബഷീർ, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകളുടെ കണ്ണീരൊപ്പാനാണ് നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിയത്. ഒരാഴ്ചയായി രാപ്പകൽ മോർച്ചറി ഡ്യൂട്ടിയിലായിരുന്നു ഇദ്ദേഹം.
മൃതദേഹങ്ങൾ ഫ്രീസറിൽ വെക്കുക, പോസ്റ്റ്മോർട്ടത്തിന് എടുത്തുകൊടുക്കുക, മൃതദേഹങ്ങൾ മാറാതെ നോക്കുക തുടങ്ങിയ ചുമതലകളാണ് നിർവഹിച്ചിരുന്നത്.
ദുരന്തവേളകളിൽ ജനങ്ങൾ ഒന്നടങ്കം രക്ഷാദൗത്യത്തിന് മുന്നിട്ടിറങ്ങുന്ന കാഴ്ച കണ്ണിന് കുളിർമ നൽകുന്നതാണെന്ന് ബഷീർ പറഞ്ഞു.
അതേസമയം, ദുരന്തം ആഘോഷമാക്കുന്ന പ്രവണതയും മത്സരവും ചെറുതായി കണ്ടുവരുന്നുണ്ട്. അത് പാടില്ലാത്തതാണ്.
സ്വയം നിയന്ത്രണം ആവശ്യമാണ്. വേദനിക്കുന്നവർക്ക് കൈത്താങ്ങാവുകയെന്ന ലക്ഷ്യം മാത്രമേ വളന്റിയർക്ക് ഉണ്ടാവാൻ പാടുള്ളൂ -ബഷീർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.