മുണ്ടേരി: പ്രായം 75 ആണെങ്കിലും വീടിനടുത്തുള്ള എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന എല്ലാ മേളകളിലും രാധാകൃഷ്ണേട്ടന്റെ സാന്നിധ്യം ഉറപ്പാണ്. ഇത്തവണയും പതിവുതെറ്റിക്കാതെ ജില്ല സ്കൂൾ കായികമാമാങ്കത്തിന് സാക്ഷിയാവാൻ മൂന്നു ദിവസവും കാണിയായി അദ്ദേഹമുണ്ടായിരുന്നു. കോഴിക്കോട് അത്തോളിയിലെ സ്കൂളിൽ പഠിക്കുമ്പോൾ ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം ജില്ലതല മത്സരങ്ങളിലടക്കം പങ്കെടുത്തതിന്റെ ആവേശത്തിൽ മരവയൽ സ്വദേശി എം. രാധാകൃഷ്ണൻ വിസിൽശബ്ദം കേട്ടാൽ ഇവിടേക്ക് ഓടിയെത്തും.
ആ പഴയ ഓർമകളും കായികവിനോദത്തോടുള്ള അതിയായ താൽപര്യവുമാണ് പ്രായത്തിന്റെ അവശതയിലും വടിയും കുത്തിപ്പിടിച്ച് അദ്ദേഹം മേളകളിലെ നിറസാന്നിധ്യമാകുന്നത്. പഠനകാലത്ത് സ്പോർട്സ് മത്സരങ്ങളിലും ഗെയിംസിലും പങ്കെടുക്കുകയും ജേതാവാവുകയും ചെയ്തിട്ടുണ്ട് ഈ പഴയ 10ാം ക്ലാസുകാരൻ. ഫുട്ബാളിനെ അതിയായി പ്രണയിക്കുന്ന രാധാകൃഷ്ണൻ വില്ലേജ് ഓഫിസിൽ സർക്കാർ ജോലിയിൽ പ്രവേശിച്ചപ്പോഴും സർവിസിൽനിന്ന് വിരമിച്ചപ്പോഴുമെല്ലാം കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും സ്പോർട്സിനെ നെഞ്ചോടുചേർക്കുകയും ചെയ്തിരുന്നു. മരവയൽ ജില്ല സ്റ്റേഡിയം വരുന്നതിന് കുടുംബസ്വത്തായ 30 സെന്റ് സ്ഥലം ചെറിയ തുകക്ക് വിട്ടുനൽകിയതും സ്പോർട്സിനോടുള്ള സ്നേഹംകൊണ്ടുതന്നെയാണെന്ന് അദ്ദേഹം പറയുന്നു.
മൂന്ന് ശസ്ത്രക്രിയക്ക് വിധേയനായതിന്റെയും പ്രായത്തിന്റെയും അവശതകൾ ശരീരത്തെ തളർത്തുന്നുണ്ടെങ്കിലും തളരാത്ത മനസ്സുമായി കായികതാരങ്ങളുടെ വേഗത്തിനൊപ്പം രാധാകൃഷ്ണനും സഞ്ചരിക്കുകയാണ്. കൽപറ്റ സ്കൂളിലെ അധ്യാപികയായ സുധയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.