വൈത്തിരി: രണ്ടാഴ്ചക്കിടെ ജില്ലയിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നിലവിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്നവരുടെ എണ്ണം പകുതിയിലും താഴെയാണ്. മേപ്പാടിയിൽ റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതോടെ റിസോർട്ടുകളിലേക്ക് വരുന്നവരുടെ എണ്ണവും കുറഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതും സഞ്ചാരികളുടെ വരവിെന ബാധിച്ചു.
ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തിലും ബാണാസുര അണക്കെട്ടിലും പേരിനു മാത്രമാണ് സഞ്ചാരികൾ വന്നുപോകുന്നത്. ടൂറിസത്തെ ചുറ്റിപ്പറ്റി കഴിഞ്ഞിരുന്നവരെല്ലാം ഇതോടെ പ്രതിസന്ധിയിലായി. പൂക്കോട് ആയിരത്തിലധികം ആളുകളെത്തിയ ദിവസങ്ങളുണ്ടായിരുന്നു. നവീകരണ പ്രവൃത്തികളുടെ ഭാഗമായി ചുരത്തിൽ നടപ്പാക്കിയ വാഹനനിയന്ത്രണവും ജില്ലയിലേക്കെത്തുന്നവരുടെ വരവിെന ബാധിച്ചു. ഒരു മാസത്തേക്കാണ് ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ടൂറിസ്റ്റ് ബസുകൾക്കും നിയന്ത്രണമുണ്ട്. ഇതോടെ സഞ്ചാരികളെല്ലാം മറ്റു ജില്ലകളിലേക്കാണ് പോകുന്നത്. സഞ്ചാരികളുടെ വരവ് കുറഞ്ഞത് വ്യാപാര മേഖലയിലും മാന്ദ്യം സൃഷ്ടിച്ചിട്ടുണ്ട്.
ജില്ലയിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ എന്നിവയെല്ലാം ഒരാഴ്ചയായി അടച്ചിട്ടതിനു സമാനമാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കുട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതും വിനോദസഞ്ചാരിയെ കാട്ടാന കുത്തിക്കൊന്നതും തെക്കൻ ലോബികൾ വ്യാപകമായി പ്രചരിപ്പിക്കുന്നതായി ടൂറിസം അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഇപ്പോൾ ആലപ്പുഴയിലേക്കും ഇടുക്കിയിലേക്കുമാണ് സഞ്ചാരികൾ കൂടുതലായി പോകുന്നത്. നേരിട്ടും അല്ലാതെയും ടൂറിസത്തെ ആശ്രയിക്കുന്ന ജില്ലയിലെ ആയിരക്കണക്കിന് പേരെയാണ് പ്രതിസന്ധിയിലാക്കിയത്.
വിനോദസഞ്ചാര മേഖലയെ ഉണർത്താൻ ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർമാൻ കൂടിയായ ജില്ല കലക്ടർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.