വയനാട്ടിലെ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസ പദ്ധതികൾ ഇന്നും ഒച്ചിഴയും വേഗത്തിലാണ്. ചില പദ്ധതികളാകട്ടെ ചുവപ്പുനാടയിൽ വിശ്രമത്തിലും. പുനരധിവാസത്തിന് സ്ഥലം കണ്ടെത്തുന്നതു മുതൽ തുടങ്ങും അഴിമതിയും മെല്ലെപ്പോക്കും. വാസയോഗ്യമല്ലാത്ത ഇടങ്ങൾ മഴക്കാലമാകുമ്പോൾ വലിയ ഭീഷണിയാണ് ഇവരുടെ ജീവന് ഉയർത്തുന്നത്. പ്രളയകാലത്ത് ആദിവാസികളുടെ പുനരധിവാസത്തെക്കുറിച്ച് ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരുമെല്ലാം വാതോരാതെ പറഞ്ഞുകൊണ്ടേയിരിക്കും. പിന്നെ താൽക്കാലികമായി എവിടെയെങ്കിലും മാറ്റിപ്പാർപ്പിക്കും. മഴ കഴിയുന്നതോടെ വീണ്ടും പഴയ കൂരയിലേക്ക്, അല്ലെങ്കിൽ ഇടിഞ്ഞുവീഴാറായ കോളനിയിലേക്ക്. വർഷങ്ങൾക്കു ശേഷവും ഫയലിലുറങ്ങുന്ന നിരവധി പുനരധിവാസ പദ്ധതികളാണ് ജില്ലയിലുള്ളത്. മാധ്യമം പരമ്പര ഇന്നുമുതൽ...
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് രണ്ട് പ്രളയവും നിരവധി ഉരുൾപൊട്ടലുമുണ്ടായ ഭൂമിയിൽ. ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടർച്ചയായി ഉണ്ടായ ഭൂമിയിൽ ഇപ്പോഴും ഒരു സുരക്ഷയുമില്ലാതെയാണ് ഇവർ കഴിയുന്നത്. ഇവർക്കായി നടപ്പാക്കിയ പുനരധിവാസ പദ്ധതിക്കാവട്ടെ ഒച്ചിഴയും വേഗവും.
2018ൽ കനത്ത മഴയിൽ കോളനിഭൂമിയിൽ വൻ ഉരുൾപൊട്ടലുണ്ടായിരുന്നു. ആ സമയത്ത് പകരം ഭൂമി കണ്ടെത്തി മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ച കോളനിയാണ് ഇപ്പോഴും മലമുകളിൽ നിൽക്കുന്നത്. എല്ലാ മഴക്കാലത്തും താൽക്കാലിക ക്യാമ്പിലേക്ക് മാറ്റുകയും മഴ കുറയുമ്പോൾ തിരിച്ചുവിടുകയുമാണ് പതിവ്. ഇത്തവണയും കോളനിയിലെ 61 കുടുംബങ്ങളിൽനിന്നായി 287 അംഗങ്ങൾ വെള്ളമുണ്ട ജി.എം.എച്ച്.എസ് സ്കൂളിലെ ക്യാമ്പിൽ കഴിയുകയാണ്. സ്ഥലം എടുക്കാനും വീട് നിർമാണത്തിനുമായി 10 ലക്ഷം രൂപ അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മുഴുവൻ കുടുംബങ്ങൾക്കുമുള്ള സ്ഥലമെടുപ്പുപോലും പൂർത്തിയായിട്ടില്ല. പുനരധിവാസ പദ്ധതിക്കായി നാരോക്കടവ് പ്രദേശത്ത് രണ്ട് സ്ഥലം ഏറ്റെടുക്കുകയും ബാക്കി സ്ഥലത്തിനുള്ള അന്വേഷണം തുടരുകയുമാണിപ്പോഴും. ഇനിയും 13 കുടുംബങ്ങൾക്കുകൂടി സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞാലേ സ്ഥലമെടുപ്പ് പൂർത്തിയാവുകയുള്ളൂ. വർഷങ്ങളോളം തിരഞ്ഞിട്ടും ആദിവാസികൾക്ക് മാത്രം സ്ഥലം കിട്ടാത്തതിൽ ദുരൂഹതയുണ്ടെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് സ്ഥലമെടുപ്പ് അനന്തമായി നീളാൻ ഇടയാക്കിയതെന്നും ആക്ഷേപമുണ്ട്. മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചതിനാൽ വർഷങ്ങളായി മറ്റ് സർക്കാർ സഹായങ്ങളും ഇവർക്ക് മുടങ്ങിയ അവസ്ഥയാണ്. ഇതോടെ അടച്ചുറപ്പില്ലാത്ത കുടിലുകളിൽ സ്വകാര്യത നഷ്ടപ്പെട്ട ദുരിതജീവിതവുമായി ആദിവാസി സ്ത്രീകളടക്കം കഴിയേണ്ടി വരുകയാണ്. മഴ കനക്കുമ്പോൾ കുടുംബങ്ങളെ സമീപത്തെ വിദ്യാലയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കി മാറ്റുകയാണ് പതിവ്.
മൂന്ന് കുറിച്യ കുടുംബവും പണിയ വിഭാഗവും കാട്ടുനായ്ക്ക വിഭാഗവുമാണ് ഇവിടെയുള്ളത്. കോളനിയിലെ 61 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പദ്ധതിയാണ് വർഷങ്ങൾക്ക് മുമ്പ് തയാറാക്കിയത്. പ്രളയ ഫണ്ടിൽ നിന്നും സ്ഥലത്തിനും വീടിനുമായി ഓരോ കുടുംബത്തിനും 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പണവും പദ്ധതിയും ഉണ്ടായിട്ടും നടപടികൾ മാത്രം ഉണ്ടാവുന്നില്ലെന്ന് ആദിവാസികൾ പറയുന്നു. ആദ്യവർഷത്തെ പ്രളയത്തിൽ കോളനിഭൂമിയിൽ വൻ ഉരുൾപൊട്ടലുണ്ടായിരുന്നു.
കൂരമുറികളിൽ ഭയത്തോടുകൂടിയാണ് സ്ത്രീകളടക്കമുള്ളവർ കിടന്നുറങ്ങുന്നത്. മുമ്പ് ഇതേ കോളനിയിൽ ആദിവാസി സ്ത്രീകൾ ആക്രമണത്തിന് ഇരയായത് വലിയ വിവാദമായിരുന്നു.അടച്ചുറപ്പില്ലാത്ത വീട്ടിൽ തള്ളിയാൽ തുറന്നുപോകുന്ന വാതിലുള്ള കുടിലിലാണ് പലരും അന്തിയുറങ്ങുന്നത്. ആദിവാസി ഭവന പദ്ധതികൾ ശാസ്ത്രീയമായി നടപ്പാക്കാൻ ഉദ്യോഗസ്ഥ-കരാർ-ജനപ്രതിനിധി കൂട്ടുകെട്ടുകൾ താൽപര്യം കാണിക്കാറില്ലെന്ന് കോളനിവാസികൾ പറയുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.