മൂപ്പൈനാട്: കാന്തൻപാറ വിനോദ സഞ്ചാരകേന്ദ്രത്തിൽ സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വർധന. എന്നാൽ, വരുമാനത്തിന്റെ വിഹിതം ഗ്രാമപഞ്ചായത്തിന് പങ്കുവെക്കണമെന്ന ധാരണ ഇതുവരെ നടപ്പായില്ല. വനം വകുപ്പിന്റെ നിയന്ത്രണത്തിൽനിന്ന് കാന്തൻപാറ ടൂറിസം കേന്ദ്രം മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് കൈമാറിയിട്ട് വർഷങ്ങൾ പിന്നിട്ടു. വിനോദ സഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശം ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ വന്ന ശേഷം നടത്തിപ്പിനായി ഡി.ടി.പി.സിക്ക് വിട്ടുകൊടുക്കുകയായിരുന്നു. കേന്ദ്രത്തിന്റെ നവീകരണത്തിനായി നാലുകോടിയിൽപ്പരം രൂപ ഫണ്ട് അനുവദിച്ചു കിട്ടുകയും ചെയ്തു. അതുപ്രകാരം കുറെ പ്രവൃത്തികൾ നടത്തിയിരുന്നു.
പ്രവൃത്തി നടത്തിക്കഴിഞ്ഞാൽ വരുമാനത്തിന്റെ നിശ്ചിത വിഹിതം ഗ്രാമപഞ്ചായത്തിന് നൽകണമെന്നായിരുന്നു ധാരണ. അത് ലഭിച്ചാൽ മാത്രമേ ടൂറിസം പ്രാദേശിക വികസനത്തിന് പ്രയോജനപ്പെടുകയുള്ളു എന്നതിന്റെ അടിസ്ഥാനത്തിലാണ് വിഹിതം സംബന്ധിച്ച ധാരണയുണ്ടായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി ഒരു നിർമാണ പ്രവർത്തനവും നടന്നിട്ടില്ല. എന്നാൽ, സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. അഞ്ചു ദിവസ വേതനക്കാരടക്കം ഒമ്പത് ജീവനക്കാരെ മാത്രമേ ഡി.ടി.പി.സി കേന്ദ്രത്തിൽ നിയമിച്ചിട്ടുള്ളത്. കേന്ദ്രത്തിലെ വരുമാനത്തിന്റെ വിഹിതമായി ഒരു രൂപ പോലും ഗ്രാമപഞ്ചായത്തിന് നൽകിയിട്ടില്ല. വരുമാന വിഹിതം നേടിയെടുക്കുന്നതിന് പഞ്ചായത്ത് അധികൃതർ അലംഭാവം കാണിക്കുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
മേപ്പാടി: നവീകരണ പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞാൽ കാന്തൻപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെ വരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം ഗ്രാമ പഞ്ചായത്തിന് നൽകണമെന്ന ധാരണയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ, ആസൂത്രണ സമിതി ചെയർമാൻ യാഹ്യാഖാൻ തലക്കൽ എന്നിവർ പറഞ്ഞു. എന്നാൽ, വിഹിതമായി ഒരു തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷമായി പുതിയ പ്രവൃത്തികളൊന്നും അവിടെ നടക്കുന്നില്ല.
ഈ സാഹചര്യത്തിൽ പഞ്ചായത്തിന് ലഭിക്കേണ്ട വിഹിതം സംബന്ധിച്ച് ഡി.ടി.പി.സി അധികൃതർ, ജില്ല ഭരണകൂടം എന്നിവരുമായി ചർച്ച നടത്തി തീരുമാനത്തിലെത്തുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.