ഗൂഡല്ലൂർ: രജിസ്ട്രേഷൻ വകുപ്പിനു കീഴിൽ ഭൂമിയുടെ മാർക്കറ്റ് വില പുനർക്രമീകരണ നടപടി നടക്കവേ, ഗൂഡലൂരിൽ ഈ നിയമം ഏകപക്ഷീയമായി നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ലീഗൽ ഫോറം ഫോർ റൈറ്റ്സ് ഓഫ് പ്രോപ്പർട്ടി, വയനാടൻ ചെട്ടി സമുദായ സംഘം തുടങ്ങിയ സംഘടനകൾ നീലഗിരി ജില്ല കലക്ടർക്കും മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, രജിസ്ട്രേഷൻ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും കത്തയച്ചു.
നീലഗിരി ജില്ല കലക്ടർ ഇറക്കിയ പത്രക്കുറിപ്പിൽ മാർക്കറ്റ് വില പുനർക്രമീകരണ നടപടികളുടെ ഭാഗമായി മാർക്കറ്റ് വിലയുടെ കരട് പട്ടിക തയാറാക്കി ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും ഇതിൽ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നും പറയുന്നു. എന്നാൽ, രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ ഭൂമികളുടെ സർവേ നമ്പറോ സ്ട്രീറ്റുകളോ ഇല്ലാതെ ഭൂമിയുടെ തരം എഴുതി അതിനുള്ള വിലയാണ് കാണിച്ചിട്ടുള്ളത്.
യഥാർഥ ഗൈഡ് ലൈൻ പുറത്തിറങ്ങുമ്പോൾ അതിൽ ഓരോ സർവേ നമ്പറുകളിലും വില കാണിക്കും എന്നിരിക്കെ, കരട് പട്ടികയിൽ സർവേ നമ്പറുകൾ ഇല്ലാത്തത് പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. നേരത്തെയുള്ള പരാതികൾ പരിഹരിച്ചു ഓരോ ഭൂമിക്കും യഥാർഥമായ വില നിശ്ചയിക്കാനാണ് ഗൈഡ് ലൈൻ പുറത്തിറക്കുന്നത്. ഗൈഡ് ലൈനിൽ ഗൂഡലൂർ, പന്തല്ലൂർ താലൂക്കുകളിലെ ഭൂമികളിൽ ധാരാളം അപാകതകളുണ്ട്. കൃഷിഭൂമിക്ക് പുരയിടങ്ങൾക്കുള്ള വിലയാണ് ഉദ്യോഗസ്ഥർ നിശ്ചയിച്ചത്. ഇതിനുപുറമേ, ഗൂഡലൂർ രജിസ്ട്രാർ ഓഫിസിന്റെ പരിധിയിൽ നൂറുകണക്കിന് പട്ടയ ഭൂമികളെ സർക്കാർ ഭൂമി എന്ന് തെറ്റായി രേഖപ്പെടുത്തി മാർക്കറ്റ് വില '0'എന്നാണ് രേഖപ്പെടുത്തിയത്. രജിസ്ട്രേഷൻ വകുപ്പിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.