കൽപറ്റ: കുരുന്നുകളുടെ പുഞ്ചിരി മായരുതെന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച ഹൃദ്രോഗ ചികിത്സ ക്യാമ്പ് ജില്ലയിലെ നിരവധി കുടുംബങ്ങൾക്ക് പ്രതീക്ഷയായി. മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററും 'മാധ്യമം' ദിനപത്രവും സംയുക്തമായി കൽപറ്റ ലിയോ മെട്രോ കാർഡിയാക് െസൻററിലാണ് കുട്ടികൾക്കുള്ള 'ശിശുമിത്ര' സൗജന്യ ഹൃദ്രോഗ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേർ പങ്കെടുത്തു. കോവിഡ് കാലമായതിനാൽ ബുക്ക് ചെയ്തവരോട് നിശ്ചിത സമയത്ത് ക്യാമ്പിലെത്താൻ നിർദേശിച്ചിരുന്നതിനാൽ ആശുപത്രിയിലെ തിരക്കും കാത്തിരിപ്പും ഒഴിവാക്കാനായി. 12 ദിവസമായ കുഞ്ഞ് മുതൽ ഒമ്പത് വയസ്സുകാരൻ വരെ പരിശോധനക്കെത്തി. മൂന്നിനും അഞ്ചിനുമിടയിലുള്ള കുട്ടികളായിരുന്നു അധികവും.
ഹൃദയത്തിലെ ദ്വാരം സംബന്ധിച്ച പ്രശ്നമുള്ള മൂന്നുപേർക്ക് ശസ്ത്രക്രിയ കൂടാെത അതിനൂതന ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇവർക്ക് കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിൽ തുടർ ചികിത്സ ലഭ്യമാക്കും. രാവിലെ 10മുതൽ ഉച്ചക്ക് ഒരുമണിവരെയായിരുന്നു ക്യാമ്പ്. മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിലെ കൺസൽട്ടൻറ് ഇൻറർവെൻഷനൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. കമ്രാൻ, കൺസൽട്ടൻറ് പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. എം. മുസ്തഫ ജനീൽ, കൽപറ്റ ലിയോ മെട്രോ കാർഡിയാക് െസൻറർ ചെയർമാൻ ഡോ. ടി.പി.വി. സുരേന്ദ്രൻ, അഡ്മിനിസ്ട്രേഷൻ മേധാവി ടി.പി.വി. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
നവജാത ശിശുക്കളുടെ ഹൃദ്രോഗ ചികിത്സക്ക് വിദൂര സ്ഥലങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും പെെട്ടന്ന് ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സതേടാനും കൽപറ്റ ലിയോ മെട്രോ കാർഡിയാക് െസൻററിൽ ആധുനിക മരുന്ന് ഉടൻ ലഭ്യമാക്കുമെന്ന് ഡോ. എം. മുസ്തഫ ജനീൽ വ്യക്തമാക്കി.
സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമേ കുട്ടികൾക്കുള്ള ഹൃദയ ചികിത്സ സൗകര്യം ഇപ്പോഴുള്ളൂ. പലപ്പോഴും ചികിത്സക്കായി ദീർഘകാലം കാത്തിരിക്കേണ്ടിയും വരും. ചികിത്സ ചെലവ് അതിഭീമവും. ഈ അവസ്ഥക്കുള്ള പരിഹാരമായിക്കൂടിയാണ് 'ശിശുമിത്ര' പദ്ധതി. കുട്ടികളുടെ ഹൃദയ ചികിത്സ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സരീതികളും 'ശിശുമിത്ര'യിലൂടെ കുട്ടികൾക്ക് ലഭ്യമാകും.
ശ്വാസംമുട്ട് വന്നപ്പോൾ കാണിച്ച ഡോക്ടറുടെ നിർദേശപ്രകാരം നടത്തിയ എക്കോ കാർഡിയോഗ്രാം പരിശോധനയിലാണ് അസുഖം തിരിച്ചറിഞ്ഞത്
കൽപറ്റ: ചേച്ചിയോടും കൂട്ടുകാരോടുമൊപ്പം കളിച്ചുചിരിച്ചു നടക്കാനാണ് വിവേകിനും ഇഷ്ടം. എന്നാൽ, കുറച്ചുകഴിയുേമ്പാഴേക്കും ശ്വാസംമുട്ടലും ക്ഷീണവും അനുഭവപ്പെടുന്നതോടെ ഈ ആറരവയസ്സുകാരന് കളി മതിയാക്കേണ്ടിവരും. കൂട്ടുകാരോടൊപ്പം കളിച്ചുചിരിച്ചു നടക്കുന്ന മകനെ കാണാനുള്ള ആശയുമായാണ് മാതാപിതാക്കൾ വിവേകിനെ 'ശിശുമിത്ര' മെഡിക്കൽ ക്യാമ്പിൽ കൊണ്ടുവന്നത്.
പ്രസവിച്ച് രണ്ടാം മാസത്തിലാണ് മകന് ഹൃദയത്തിന് അസുഖമാണെന്ന് മാതാപിതാക്കളായ വിനീഷും സിനിതയും അറിഞ്ഞത്.
ശ്വാസംമുട്ട് വന്നപ്പോൾ കാണിച്ച ഡോക്ടറുടെ നിർദേശപ്രകാരം നടത്തിയ എക്കോ കാർഡിയോഗ്രാം പരിശോധനയിലാണ് അസുഖം തിരിച്ചറിഞ്ഞത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മൂന്നു മാസം ഇടവിട്ട് കോളജിൽ പോയി ഡോക്ടറെ കാണുമായിരുന്നു. നാലാം വയസ്സിൽ സർക്കാറിെൻറ 'ഹൃദ്യം' പദ്ധതിയിൽ കൽപറ്റയിൽ രജിസ്റ്റർ ചെയ്തു. കോഴിക്കോട്ടെ ആശുപത്രിയിൽ പരിശോധന നടത്താമെന്ന് കൽപറ്റയിലെ ഡോക്ടർമാർ പറഞ്ഞെങ്കിലും തുടർ നടപടിയുണ്ടായില്ല. നിലവിൽ കുട്ടിക്ക് ശ്വാസംമുട്ട് വർധിച്ചു.
വിവേകിന് ഹൃദയത്തിൽ ദ്വാരവും വാൽവുകൾ ചുരുങ്ങുന്നതുമായ അസുഖമാണെന്ന് ഡോ. എം. മുസ്തഫ ജനീൽ പറഞ്ഞു.
ശസ്ത്രക്രിയ കൂടാതെതന്നെ അതിനൂതനമായ ഉപകരണങ്ങൾ ഉപയോഗിച്ച് ഇത് ചികിത്സിച്ച് മാറ്റാൻ കഴിയും. മാനന്തവാടി കാപ്പുംചാൽ ചെമ്പിളി സ്വദേശിയായ വിനീഷ് ആശാരിപണിക്കാരനാണ്. ഭാര്യയും മകനും മകൾ അഞ്ചാം ക്ലാസുകാരി വന്ദനയും അടങ്ങുന്നതാണ് കുടുംബം. കോവിഡിൽ പണി കുറഞ്ഞതിനാൽ ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ ബുദ്ധിമുട്ടായി. മകന് വിദഗ്ധ ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.