വെടിവെച്ചു കൊന്ന കാട്ടുപന്നിയെ വനംവകുപ്പ് അധികൃതർ കൊണ്ടു പോകുന്നു

പുല്‍പള്ളി ചീയമ്പത്ത് കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

പുല്‍പള്ളി: ചീയമ്പത്തിനടുത്ത് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു. ചീയമ്പത്തെ ലത മുരളീധരന്റെ കൃഷിയിടത്തിന് സമീപമിറങ്ങിയ പന്നിയെയാണ് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന അധികാരം ഉപയോഗപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ ഉത്തരവിട്ടതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലുള്ള വനപാലകരുടെ നേതൃത്വത്തിലാണ് പന്നിയെ വെടിവെച്ച് കൊന്നത്.

ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് ചീയമ്പം 73 റൂട്ടിലെ കൃഷിയിടത്തോട് ചേർന്നുള്ള ഓവുചാലിൽ കാട്ടുപന്നിയെ കണ്ടെത്തിയത്. തുടർന്ന് വനപാലകരും പഞ്ചായത്ത് പ്രസിഡന്‍റ് ടി. എസ്. ദിലീപ് കുമാറും സ്ഥലത്തെത്തി. പ്രദേശത്തെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ പഞ്ചായത്ത് പ്രസിഡൻറിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനെത്തിൽ പന്നിയെ വെടിവെച്ച് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രത്യേക അധികാരവും ഉപയോഗിച്ചു. തുടർന്ന് ഇരുളം ഡെപ്യൂട്ടി റേഞ്ച് ഓഫിസിൽനിന്നും വനം വകുപ്പ് ഉദ്യോഗസ്ഥനത്തി പന്നിയെ വെടിവെച്ചു. ഒറ്റവെടിക്കു പന്നി ചത്തു. ജഡം സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചു സംസ്‌കരിക്കുന്നതിനു വനംവകുപ്പ് അധികൃതർ കൊണ്ടുപോയി.

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ് ചീയമ്പം. വനാതിര്‍ത്തി പ്രദേശമാണിത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കൃഷിയിടത്തിലിറങ്ങുന്ന പന്നികളെ വെടിവെച്ചുകൊല്ലണമെന്ന ആവശ്യം ശക്തമാണ്. 

Tags:    
News Summary - shot and killed a wild boar in Pulpalli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.