'എന്റെ വിദ്യാലയത്തിലെ അഞ്ച് കുട്ടികൾക്ക് കുറച്ചു ദിവസം സിന്തറ്റിക് ട്രാക്ക് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കാൻ പറ്റുമോ.. ഞാൻ ചാമ്പ്യന്മാരെ തരാം' ആനപ്പാറ സ്കൂളിലെ പി.ടി അധ്യാപകന് ജില്ല പഞ്ചായത്തിനോടുള്ള ഏക ആവശ്യമായിരുന്നു. ആനപ്പാറയിൽ നിന്നും മുണ്ടേരിയിലെ സിന്തറ്റിക് ട്രാക്കിലേക്ക് കുട്ടികളെ പരിശീലനത്തിന് ആരു കൊണ്ടുവരും എന്ന് ചോദിച്ചപ്പോൾ ഞാൻ എന്റെ കാറിൽ കൊണ്ടുവരുമെന്ന് അധ്യാപകന്റെ മറുപടി.
ജില്ല കായിക മേളക്ക് മുമ്പ് ഈ അഞ്ചു കുട്ടികളെയും കൊണ്ട് സിന്തറ്റിക് ട്രാക്കിൽ എത്തി സ്വന്തം ചെലവിൽ ആ അധ്യാപകൻ പരിശീലനം കൊടുത്തു. ജില്ലതല മത്സരത്തിൽ അതിന്റെ ഫലവും ഉണ്ടായി. ആദ്യമായി ജില്ലയിൽ ആനപ്പാറ സ്കൂൾ മൂന്നാം സ്ഥാനം നേടി.
വ്യക്തിഗത ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. സ്വന്തം പോക്കറ്റിൽ നിന്നും എണ്ണ പൈസയെടുത്തു കുട്ടികളെ കൊണ്ടുവന്ന് പരിശീലിപ്പിക്കാൻ ആ അധ്യാപകൻ കാണിച്ച ആത്മാർഥതയാണ് വിദ്യാലയത്തിന്റെ അഭിമാനം കൂടി ഉയർത്തിയത്. മുൻവർഷങ്ങളിൽ കാക്കവയലും മീനങ്ങാടിയും ഈ ആത്മാർഥത കാണിച്ചതിന്റെ ഫലം സ്കൂളിനും ജില്ലക്കും ലഭിച്ചിരുന്നു.
ജില്ല കായികമേളയിൽ ചാമ്പ്യന്മാരായ കാട്ടിക്കുളം ഗിരീഷ് മാഷിന്റെ സ്പോർട്സ് അക്കാദമിയുടെ വിജയമാണ്. വാളേരിയിലെ മൂന്നു കുട്ടികളുടെ മിന്നുന്ന വിജയവും എസ്.എസ്.കെ അധ്യാപകന്റെ ആത്മാർഥതയുടെ ഫലമായിരുന്നു. പെൺകുട്ടികൾ മാത്രം വന്നു മത്സരിച്ചിട്ടാണ് കൽപറ്റ ജി.എം.ആർ.എസ് രണ്ടാംസ്ഥാനത്ത് എത്തിയത്.
ആത്മാർഥതയുള്ള അധ്യാപകരുള്ള വിദ്യാലയങ്ങളിലെല്ലാം വിജയവും ഉണ്ടായിട്ടുണ്ട്. എന്നാൽ, മറുവശത്ത് ഒന്നിനും താൽപര്യമില്ലാത്ത ചിലരെങ്കിലും ജില്ലയുടെ കായികമോഹത്തിന് വിലങ്ങുതടിയായി നിൽക്കുന്നുമുണ്ട്. ജില്ല കായികമേളയിൽ ജയിച്ചു വരുന്ന കുട്ടികൾക്ക് മൂന്നു ദിവസത്തെ പരിശീലനം ജില്ല പഞ്ചായത്ത് തുടങ്ങിയ സമയത്ത് ഒരു അധ്യാപികയുടെ പരാതി നാല് കുട്ടികളെ കൽപറ്റയിൽ എത്തിക്കാൻ വണ്ടിക്കൂലി ഇല്ലെന്നായിരുന്നു.
എസ്.എസ്.കെയിലെ അധ്യാപകരുടെ പിൻബലത്തിലാണ് ജില്ല കായികമേളയിലെ വിജയങ്ങൾ കടന്നുപോയത്. ലക്ഷങ്ങൾ ചെലവഴിച്ച് സ്കൂൾ വിദ്യാർഥികൾക്ക് കായിക പരിശീലനവും കായികമേളയും നടത്തി വർഷാവർഷം പ്രതിഭകളെ വയനാട്ടിൽ വിജയിപ്പിച്ചെടുക്കുമ്പോഴും സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഈ പ്രതിഭകൾ എവിടെ എത്തിച്ചേരുന്നുവെന്ന് ജില്ല ഭരണകൂടവും സർക്കാറും അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
പരിമിതികളെ ഊർജമാക്കി ഇല്ലായ്മകളുടെയും പരാധീനതകളുടെയും കളിക്കളത്തിൽ പരിശീലനം നേടി സർക്കാർ സ്കൂളുകളുടെ അഭിമാനം ഉയർത്തുന്ന വയനാട്ടിലെ പിന്നാക്ക ദലിത് ആദിവാസി വിഭാഗത്തിലെ പ്രതിഭകളുടെ ഭാവി ഇരുളടയുമ്പോഴും സർക്കാർ കേന്ദ്രങ്ങൾ ആലസ്യത്തിലാണ്.
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾ തന്നെയാണ് ഇപ്പോഴും വയനാടിന്റെ അഭിമാന പ്രതിഭകൾ ആകുന്നത്. പക്ഷേ തുടർന്നുള്ള ഇവരുടെ ജീവിതം തികച്ചും കായിക മേഖലക്ക് പുറത്താണ്.
തെക്കൻ ജില്ലകളിലും മലബാറിലെ മറ്റു ജില്ലകളിലുമൊക്കെയുള്ള പ്രതിഭകൾ സ്പോർട്സ് ക്വോട്ടയിലൂടെ സർക്കാർ സർവിസുകളിൽ ഇടം പിടിക്കുമ്പോൾ വയനാടിന്റെ മക്കൾക്ക് ഓരോ കായികമേളയിലും പ്രതിഭപട്ടം കരസ്ഥമാക്കി വീട്ടിലിരിക്കാനാണ് യോഗം.
സ്പോർട്സ് ക്വോട്ടയിലൂടെ വയനാട്ടിലെ എത്ര കായിക പ്രതിഭകൾ ഉന്നത സർക്കാർ സർവിസുകളിൽ എത്തിപ്പെടുന്നു എന്ന് അന്വേഷിച്ചാൽ ഞെട്ടുന്ന വസ്തുതകൾ കണ്ടെത്താനാകും. കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രതിഭകളെ വാനോളം ഉയർത്തുന്ന മാധ്യമങ്ങളും അഭിനന്ദനത്തിന് പൂച്ചെണ്ടുകളുമായി വരുന്ന രാഷ്ട്രീയ നേതാക്കളും പിന്നീട് അവരെ കുറിച്ച് വേവലാതിപ്പെടാറില്ലെന്നതാണ് വാസ്തവം.
ഏറെ കൊട്ടിഘോഷിച്ചു നടത്തുന്ന കായികമേളകൾ ഒഴിച്ചാൽ അതിൽ കണ്ടെത്തുന്ന പ്രതിഭകളെ എങ്ങനെ നാടിനു മുതൽക്കൂട്ടാക്കാം എന്ന് ആലോചിക്കാനോ തുടർനടപടികൾ സ്വീകരിക്കാനോ ഭരണകൂടമോ സ്പോർട്സ് കൗൺസിലോ വേണ്ടത്ര ശുഷ്കാന്തി കാണിക്കാറില്ലെന്ന യാഥാർഥ്യം മറച്ചുവെക്കാനാവില്ല.
അവഗണനയുടെ പര്യായമായ വയനാട്ടിലെ ചെറുകിട കർഷകരുടെയും നിർധന തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും കുടുംബങ്ങളിലെ മിടുക്കരായ പ്രതിഭകൾ മതിയായ പരിശീലനമോ പരിഗണനയോ ഇല്ലാതെ അവഗണിക്കപ്പെടുന്ന അവസ്ഥക്ക് മാറ്റം ഉണ്ടായേ പറ്റൂ.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ശാപമായി തുടരുന്ന വയനാട്ടിലെ വിദ്യാലയങ്ങളുടെ കായിക സൗകര്യവും അധ്യാപകരുടെ മനോഭാവവും മാറണം. ആദിവാസി കോളനികളിലെ ധാരാളം കുട്ടികൾ സ്കൂൾ കായിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നത് ഈ അടുത്തകാലത്തായി വർധിച്ചത് എടുത്തു പറയത്തക്ക കാര്യമാണ്.
സർക്കാറിന് കീഴിലുള്ള ട്രൈബൽ റസിഡൻഷ്യൽ വിദ്യാലയങ്ങളിലെ മെഡലുകൾ വാരിക്കൂട്ടിയ പ്രതിഭകൾ ഇന്നും നമ്മുടെ സമൂഹത്തിൽ അവഗണിക്കപ്പെട്ട് കഴിയുന്നുണ്ട്. കഴിഞ്ഞദിവസം സമാപിച്ച ജില്ല സ്കൂൾ കായികമേളയിലും അനവധി പ്രതിഭകൾ വയനാട്ടിൽ ഉണ്ടായി. ഇവരെങ്കിലും സർക്കാർ കേന്ദ്രങ്ങളുടെ അവഗണനയുടെ പര്യായങ്ങൾ ആവാതിരിക്കാൻ വേണ്ട നടപടി എടുക്കുകതന്നെ വേണം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.