representational image

ചീരാലിൽ കടുവയുടെ താണ്ഡവം; രാപ്പകൽ സമരവുമായി നാട്ടുകാർ

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാൽ മേഖലയിൽ കടുവയുടെ താണ്ഡവം തുടരുന്നു. തിങ്കളാഴ്ച രാത്രി മൂന്നു പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതിൽ ഒന്ന് ചത്തു. ഇതോടെ മൂന്നാഴ്ചക്കുള്ളിൽ കടുവ കൊന്ന പശുക്കളുടെ എണ്ണം എട്ടായി.

മൂന്നെണ്ണം ഗുരുതര പരിക്കിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ചീരാൽ യു.പി. സ്കൂളിൽ നാട്ടുകാർ കടുവശല്യത്തിന്റെ സാഹചര്യത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നിരുന്നു. ചൊവ്വാഴ്ച പഴൂർ വനം ഓഫിസിന് മുന്നിൽ 24 മണിക്കൂർ രാപ്പകൽ സമരം തീരുമാനിച്ചിരിക്കുമ്പോഴാണ് രാത്രി കടുവ ആക്രമണങ്ങൾ തുടർന്നത്.

ഇതോടെ തിങ്കളാഴ്ച രാത്രി തന്നെ നാട്ടുകാർ സുൽത്താൻ ബത്തേരി-ഊട്ടി സംസ്ഥാന പാത ഉപരോധിക്കുകയുണ്ടായി. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ചീരാൽ ടൗണിനടുത്താണ് കടുവ ആക്രമണം നടത്തിയത്. വനം പിന്നിട്ട് വല്ലത്തൂർ, മുണ്ടക്കൊല്ലി ഭാഗത്തുകൂടെ ചീരാലിൽ എത്തിയല്ല തിങ്കളാഴ്ചത്തെ ആക്രമണം. അതേസമയം, രണ്ടു ദിവസത്തിനുള്ളിൽ ചീരാലിലെ കടുവയെ പിടികൂടുമെന്നാണ് വനം വകുപ്പ് ആവർത്തിക്കുന്നത്.

ക​ടു​വശ​ല്യ​ത്തി​നെ​തി​രെ സ​ർ​വ​ക​ക്ഷി സ​മ​ര​സ​മി​തി പ​ഴൂ​ർ വ​നം ഓ​ഫി​സി​ന് മു​ന്നിൽ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ

സ​മ​രം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചൊവ്വാഴ്ച ആരംഭിച്ച രാപ്പകൽ സമരം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടുവയെ വെടിവെച്ചുകൊല്ലാൻ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ജനത്തിന്റെ ബുദ്ധിമുട്ട് വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.

എന്നാൽ, കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്നത് നിരാശയുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാൻ കെ. ആർ. സാജൻ, കൺവീനർ എം.എ. സുരേഷ്, പി.എം.ജോയി, നെന്മേനി പഞ്ചായത്ത് പ്രസിഡന്‍റ് ഷീല പുഞ്ചവയൽ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ സതീഷ്, കെ.വി. ശശി, എം.എസ്. ഫെബിൻ, വി.വി. ബേബി, റ്റിജി ചെറുതോട്ടിൽ എന്നിവർ സംസാരിച്ചു.

കടുവ ആക്രമണം: നോഡൽ ഓഫിസറെ നിയമിച്ചു

സുൽത്താൻ ബത്തേരി: വയനാട്ടിലെ ചീരാൽ ഉൾപ്പെടെയുള്ള ജനവാസകേന്ദ്രങ്ങളിലെ കടുവ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോര്‍ത്ത് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപയെ നോഡല്‍ ഓഫിസറായി നിയമിച്ചു. ഇവരുടെ കീഴില്‍ ഒരു ഇന്‍സിഡെന്റ് കമാൻഡ് സ്ട്രക്ച്ചര്‍ ഏര്‍പ്പെടുത്തും.

ആരൊക്കെ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന സമയോചിത നിർദേശം ഇതുവഴി നല്‍കാന്‍ സാധിക്കും. വനം വകുപ്പിന്‍റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നയിക്കാന്‍ ഒാരോ ടീമിനും ഒരു തലവനെയും സി.സി.എഫ് ചുമതലപ്പെടുത്തും.

രാത്രികാലങ്ങളില്‍ ആര്‍.ആര്‍.ടി സംഘങ്ങളെ കൂടുതല്‍ സജീവമാക്കുന്ന വിധം സമയക്രമീകരണം നടത്തും. വൈകീട്ട് മുതല്‍ വനത്തിനുള്ളില്‍ കാടിളക്കി പരിശോധന നടത്തും. ആവശ്യമെങ്കില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള കൂടുകള്‍ സ്ഥലംമാറ്റിവെക്കും.

ചീരാൽ മേഖലയിൽ ആഴ്ചകളായി വിഹരിക്കുന്ന കടുവയെ പിടികൂടുന്നതിനുള്ള നടപടിയും ശക്തമാക്കും. നഷ്ടപരിഹാരം നല്‍കുന്നതിന് ബജറ്റ് ഹെഡില്‍ നിന്ന് വകമാറ്റി ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനും കൂടുതല്‍ തുക ലഭ്യമാക്കണമെന്നും ധനവകുപ്പിനോട് അഭ്യർഥിച്ചു.

ജനപ്രതിനിധികള്‍, തദ്ദേശീയര്‍ എന്നിവരുമായി ചേര്‍ന്ന് കൂട്ടായ പരിശ്രമം നടത്തണമെന്ന് വനം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജയപ്രസാദ്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ ഷബാബ് എന്നിവര്‍ കടുവ ഭീഷണി നേരിടുന്ന സ്ഥലം ഉടന്‍ സന്ദര്‍ശിക്കാനും നിർദേശം നല്‍കി. 

Tags:    
News Summary - tiger menace increased in chiral-strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.