കൽപറ്റ: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തോട്ടം തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. വെള്ളിയാഴ്ച മുതല്‍ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് വിശ്രമം അനുവദിക്കണം. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ എ. ഗീത ദുരന്തനിവാരണ നിയമ പ്രകാരം ഉത്തരവിറക്കിയത്. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാനേജ്മെന്റും ട്രേഡ് യൂനിയന്‍ പ്രതിനിധികളും തമ്മില്‍ കൂടിയാലോചിച്ച് സമയക്രമത്തില്‍ മാറ്റം വരുത്താനും അനുമതിയുണ്ട്.
ജില്ലയിൽ വേനൽച്ചൂടും വെയിലിന്റെ കാഠിന്യവും രൂക്ഷമായിട്ടും തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. തോട്ടം രംഗത്തെ വിവിധ യൂനിയനുകൾ ഇതിനകം ഈ ആവശ്യമുന്നയിച്ചെങ്കിലും തൊഴിൽ വകുപ്പിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുന്നില്ലെന്നാക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തോട്ടം തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്ന് ടി. സിദ്ദീഖ് എം.എൽ.എയും ആവശ്യപ്പെട്ടിരുന്നു.
ജില്ലയിൽ പകൽ സമയങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലായ സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണെന്ന് തൊഴിലാളി യൂനിയനുകൾ ചൂണ്ടിക്കാട്ടുന്നു.
മുൻ വർഷങ്ങളിൽ ഈ സമയത്ത് തോട്ടം തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ പുനഃക്രമീകരണം നടത്തിയിരുന്നു. രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് 12 വരെയും തുടർന്ന് ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ചുവരെയുമാണ് സാധാരണ രീതിയിൽ തൊഴിൽ സമയം. ചൂടുകുടൂന്ന സമയങ്ങളിൽ രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് രണ്ടുവരെയായിരുന്നു മുൻ വർഷങ്ങളിലെ സമയ പുനഃക്രമീകരണം. രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 മണി വരെയും തുടർന്ന് വൈകീട്ട് മൂന്നു മുതൽ ഏഴുവരെയും എട്ടു മണിക്കൂർ ജോലി സമയം എന്ന രീതിയിലായിരുന്നു മുൻവർഷം ചൂടുകൂടുന്ന സമയത്ത് സർക്കാർ നിർദേശിച്ചിരുന്ന സമയക്രമീകരണമെങ്കിലും പ്രാദേശികമായുള്ള തീരുമാന പ്രകാരം രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുവരെയായി ക്രമീകരിക്കുകയായിരുന്നു.
ഈ വർഷവും സമാന രീതിയിൽ ക്രമീകരണമേർപ്പെടുത്താനുള്ള അനുമതിയും കലക്ടറുടെ ഉത്തരവിൽ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.