വാകേരി: വയനാട്ടിൽ ക്ഷീരകർഷകൻ പ്രജീഷിനെ കൊന്ന നരഭോജി കടുവക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി.
മൂടക്കൊല്ലി, കൂടല്ലൂർ ഭാഗങ്ങളിലെ തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് രാവിലെ മുതൽ തിരച്ചിൽ തുടങ്ങിയത്. വനംവകുപ്പിന്റെ 60 ഓളം വരുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.
വിവിധ ഭാഗങ്ങളിലായി സംഘം തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. കടുവയുടെ കാൽപാദങ്ങൾ പല സ്ഥലങ്ങളിലും പതിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സ്വകാര്യതോട്ടങ്ങളിലും സമീപമുള്ള വനമേഖലയും കേന്ദ്രീകരിച്ചുള്ള തിരച്ചിലാണ് നടക്കുന്നത്. നരഭോജി കടുവ ഏതെന്ന് സ്ഥിരീകരിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത്. പ്രദേശത്ത് 36 ഓളം കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധവും പരാതിയുമാണ് ജനങ്ങൾക്കുള്ളത്. ശനിയാഴ്ച പകൽ പ്രജീഷിനെ കൊന്ന സ്ഥലത്ത് രാത്രി കടുവ വീണ്ടും എത്തിയതായി നാട്ടുകാർ പറഞ്ഞിരുന്നു. കടുവയുടെ കാൽപാടുകൾ കണ്ടതായി പ്രദേശവാസികൾ ഉറപ്പിച്ചു പറഞ്ഞിരുന്നു. കൂടാതെ ഞായറാഴ്ച രാത്രി കലൂർകുന്നിലും കടുവയെ കണ്ടതായി പരാതിയുണ്ട്. കടുവയുടെ രോമമുൾപ്പെടെയുള്ള സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്ക് അയച്ചിട്ടുണ്ട്. വൈകീട്ടോടെ തിരച്ചിൽ അവസാനിപ്പിച്ചു. കടുവയെ പിടികൂടുന്നതിനുള്ള നീക്കങ്ങൾക്കായി സമ്മർദം ചെലുത്താൻ നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.
രാത്രി പ്രദേശത്ത് പട്രോളിങ് നടത്തും. നരഭോജി കടുവയെ വെടിവെച്ചു കൊല്ലുക, നഷ്ടപരിഹാരമായ പത്തുലക്ഷത്തിന് പുറമെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതൽ തുക അനുവദിക്കുക, ആശ്രിതന് ജോലി നൽകുക, പ്രദേശത്ത് കൽമതിലോ ട്രൈഗർ നെറ്റോ സ്ഥാപിക്കുക, അപകടം നടന്ന സ്ഥലത്തെ കാട് വെട്ടിത്തെളിക്കാൻ നടപടിയെടുക്കുക തുടങ്ങിയവയാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
കല്പറ്റ: വയനാട്ടിലെ വന്യമൃഗശല്യ വിഷയത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. മനുഷ്യജീവന് ഇനിയെങ്കിലും വിലകൽപിക്കാന് അധികാരികള്‍ തയാറാകണം. കടുവ ആക്രമണത്തില്‍ മരിച്ച പ്രജീഷിന്റെ കുടുംബത്തോട് സംസ്ഥാന മുഖ്യമന്ത്രിയും വനംമന്ത്രിയും നീതി കാട്ടണം. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ പിടിപ്പുകേടിന്റെ ഫലമാണ് ഇതുപോലെ വന്യമൃഗശല്യം വര്‍ധിക്കാന്‍ കാരണം. കാടും നാടും വേര്‍തിരിക്കണമെന്ന ആവശ്യത്തിന് നേരെ സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. നരഭോജി കടുവയെ വെടിവെച്ചുകൊല്ലാന്‍ ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. മറിച്ച് ജനങ്ങളെ വഞ്ചിക്കാനാണ് ശ്രമമെങ്കില്‍ അത് അംഗീകരിക്കാനാവില്ലെന്നും യോഗം വ്യക്തമാക്കി. ഡി.സി. സി പ്രസിഡന്റ് എന്‍. ഡി. അപ്പച്ചന് അധ്യക്ഷത വഹിച്ചു.
കൽപറ്റ: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്ഷീര യുവ കർഷകൻ പ്രജീഷിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗത്തിന് സർക്കാർ ജോലിയും നൽകാൻ നൽകണമെന്ന് ക്ഷീര കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വനാതിർത്തി പങ്കിടുന്ന പ്രദേശത്ത് വനവകുപ്പിന്റെ കടുത്ത അവഗണനയാണ്. വന്യമൃഗങ്ങൾക്ക് മനുഷ്യ വാസസ്ഥലത്ത് പ്രവേശിക്കാതിരിക്കാതിരിക്കാൻ ഈ ഭാഗങ്ങളിൽ യാതൊരു സുരക്ഷയുമില്ല. അതുകൊണ്ട് തന്നെ കടുവ ഫെൻസിങ് അടക്കമൊമൊരുക്കണമെന്നും കടുവയെ വെടിവെച്ചുകൊല്ലണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോയ് പ്രസാദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ഒ. ദേവസ്യ അധ്യക്ഷത വഹിച്ചു. പൂതാടി മണ്ഡലം പ്രസിഡന്റ് അരുൺ, താലൂക്ക് പ്രസിഡന്റ് റോയി ആടുകാലി, മാത്യു പോൾ, ഷാന്റി ചേനപ്പാടി, ജെയ്മോൻ, സണ്ണി ചാമക്കാല എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: കൂടല്ലൂർ സ്വദേശി പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത് ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും, അനാസ്ഥയും അശ്രദ്ധയും മൂലമാണെന്ന് എൽ.ജെ.പി ജില്ല കമ്മിറ്റി.
വന്യമൃഗ അക്രമം അവസാനിപ്പിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. ബിജു ഫിലിപ്പോസ്, ഇ.പി. ഗംഗാധരൻ, പി.കെ.ചന്ദ്രൻ, പി.കെ. വിജയകുമാർ, വിജയകുമാർ മൂലങ്കാവ്, സുബാഷ് കൈരളി എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: കടുവ കൊന്ന യുവാവിന്റെ കുടുംബത്തിന് 25 ലക്ഷം അടിയന്തര സഹായം അനുവദിക്കണമെന്ന് ഭാരതീയ കിസാൻ സംഘ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കുടുംബത്തിലെ അർഹതപ്പെട്ട ഒരാൾക്കെങ്കിലും സർക്കാർ ജോലിയും നൽകണം. വന്യജീവികളുടെ ആക്രമണത്തിൽ നിന്നും കൃഷിയേയും കർഷകജീവനേയും സംരക്ഷിക്കാൻ സ്ഥായിയായ പദ്ധതികൾ ഉടൻ പ്രാവർത്തികമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കെ.ബാലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ശശികുമാർ, സെക്രട്ടറി രവിചന്ദ്രൻ കമ്മന,ഈശ്വരൻ മാടമന ,എം. പ്രഭാകരൻ, എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: വന്യമൃഗ ശല്യത്തിൽ നിന്നും ജീവനും സ്വത്തിനും പരിപൂർണ സംരക്ഷണം ഉറപ്പു വരുത്തുന്ന കാര്യത്തിൽ വനം വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കടുവ കൊലപ്പെടുത്തിയ വാകേരിയിലെ പ്രജീഷിന്റെ കുടുംബത്തെ സന്ദർശിച്ച സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡന്റ് വി. അസൈനാർ ഹാജി, ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസിസ് എന്നിവർ പറഞ്ഞു. പ്രജീഷിന്റെ കുടുംബത്തിന് അനുവദിച്ച തുക തീരെ ചെറുതാണെന്നും കൂടുതൽ തുക അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സ്വതന്ത്ര കർഷക സംഘം മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി മായൻ മുതിര, സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് ലത്തീഫ് അമ്പലവയൽ, ജനറൽ സെക്രട്ടറി ഖാലിദ് വെങ്ങുർ, വി.സിറാജ് എന്നിവരോടൊപ്പമാണ് പ്രജീഷിന്റെ വീട് സന്ദർശിച്ചത്.
വാകേരി: വന്യമൃഗ ആക്രമണം ചെറുക്കാൻ ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്ന് ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് പറഞ്ഞു.കുടുംബത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു. പ്രതീഷിന്റെ മരണം വളരെ ദു:ഖമുണ്ടാക്കുന്ന കാര്യമാണ്.
അധികാരികളുടെ ഭാഗത്ത് നിന്ന് വന്യമൃഗശല്യത്തിന് ശാശ്വതമായ ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. ശക്തമായി പ്രതിഷേധം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ബന്ധപ്പെട്ടവർ പരാജയപ്പെട്ടെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാർ ജോസ് പൊരുന്നേടം പറഞ്ഞു.
കടുവ കൊന്ന പ്രജീഷിന്റെ വീട്ടിൽ സന്ദർശിക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.