മൈ​ല​മ്പാ​ടി​യി​ൽ എ​ത്തി​യ ക​ടു​വ​യു​ടെ സി.​സി.​ടി.​വി ദൃ​ശ്യം

കടുവ മൈലമ്പാടിയിൽതന്നെ; തെളിവായി സി.സി.ടി.വി ദൃശ്യം

സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ മൈലമ്പാടിയിൽ വീണ്ടും കടുവ ഇറങ്ങി. റോഡിലൂടെ നടക്കുന്ന കടുവയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. മൈലമ്പാടി മണ്ഡകവയല്‍ പൂളക്കടവ് നെരവത്ത് ബിനുവിന്റെ വീടിനോടനുബന്ധിച്ചുള്ള സി.സി.ടി.വി. കാമറയിലാണ് ബുധനാഴ്ച കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച മൈലമ്പാടി, പുല്ലുമല ഭാഗങ്ങളിൽ കടുവ എത്തിയതായി സൂചനകൾ ഉണ്ടായിരുന്നു.

മാനിനെ കൊന്നു ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെതുടർന്ന് വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയെ നിരീക്ഷിക്കാൻ അന്ന് മൈലമ്പാടിയിലെ സ്വകാര്യ കൃഷിയിടത്തിൽ വനംവകുപ്പ് കാമറ സ്ഥാപിച്ചു. എന്നാൽ, വനംവകുപ്പിന്റെ കാമറയുള്ള സ്ഥലത്തേക്ക് കടുവ വീണ്ടും എത്തിയില്ല.കടുവ ഉണ്ടെന്ന് ഉറപ്പായതോടെ നാട്ടുകാർ ഭയപ്പാടിലാണ്. വനം വകുപ്പിനോട് പരാതി പറഞ്ഞു മടുത്തിട്ടും അവർ നിസ്സംഗതയിലാണെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്. മൈലമ്പാടി, പുല്ലുമല ഭാഗങ്ങളിലുള്ളവർ സംഘടിച്ച് സമരം നടത്താനുള്ള ഒരുക്കവും നടത്തുന്നുണ്ട്. അതേസമയം, ദൃശ്യം ലഭിച്ചതോടെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി സൂചനയുണ്ട്. ദൃശ്യം വകുപ്പിലെ ഉന്നതർക്ക് അയച്ചുകൊടുത്ത് അവിടെ നിന്ന് അനുമതി കിട്ടിയ ശേഷമേ കൂട് സ്ഥാപിക്കാൻ സാധിക്കൂവെന്ന് അധികൃതർ അറിയിച്ചു. ഇരുളം ഫോറസ്റ്റ് ഓഫിസിന് കീഴിലാണ് മൈലമ്പാടി ഉൾപ്പെടുന്ന ഭാഗങ്ങൾ.

Tags:    
News Summary - The tiger in Mylambadi; CCTV footage as evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.