കണിയാമ്പറ്റ: അമ്മയും കുഞ്ഞും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ജൂലൈ 13നാണ് വെണ്ണിയോട് ജൈൻ സ്ട്രീറ്റിൽ ഓംപ്രകാശിന്റെ ഭാര്യ അഞ്ചുമാസം ഗർഭിണിയായ ദർശന അഞ്ചുവയസ്സുള്ള മകൾ ദക്ഷയുമായി വിഷം കഴിച്ചു വെണ്ണിയോട് പാത്തിക്കൽ പാലത്തിൽനിന്ന് പുഴയിൽ ചാടിയത്. നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സക്കിടെ ദർശന മരിക്കുകയായിരുന്നു. നാലാം നാൾ മകളുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെടുത്തു.
കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വിജയകുമാറിന്റെയും വിശാലാക്ഷിയുടെയും രണ്ടുമക്കളിൽ ഇളയവളാണ് ദർശന. 2016 ഒക്ടോബർ 23നാണ് വെണ്ണിയോട് അനന്തഗിരി ഹൗസിലെ ഋഷഭരാജിന്റെയും ബ്രാഹ്മിലയുടെയും മകനായ ഓംപ്രകാശ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിയുംമുമ്പെ പ്രശ്നങ്ങൾ തുടങ്ങി.
വിവാഹ സമ്മാനമായി ദർശനക്ക് നൽകിയ സ്വർണം ഓംപ്രകാശിന്റെ പിതാവ് നടത്തിയിരുന്ന കാപ്പി കച്ചവടത്തിന് ചോദിച്ചത് നൽകാത്തത് മുതലായിരുന്നു പീഡനങ്ങളുടെ തുടക്കമെന്ന് ദർശനയുടെ മാതാവും സഹോദരി ഹർഷനയും പറഞ്ഞു.
ഭർത്താവും അയാളുടെ പിതാവും ഈ കാര്യം ചോദിച്ച് പീഡിപ്പിക്കുന്നത് നിത്യ സംഭവമായി. ദർശന പൂക്കോട് വെറ്ററിനറി കോളജിൽ ജോലി ചെയ്ത വകയിൽ ലഭിച്ച തുക ഭർത്താവിന് കാർ വാങ്ങാൻ നൽകാത്തതിലും പീഡനം തുടർന്നു.
‘അവരെന്റെ മകളെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുകൊല്ലുകയായിരുന്നു’വെന്ന് വിശാലാക്ഷി പറഞ്ഞു. വിജയകുമാറിന് രണ്ട് പെണ്മക്കളാണ് ഉണ്ടായിരുന്നത്. എന്നാൽ, സ്വന്തം വീട്ടിലേക്ക് പോകാൻ പോലും ഭർത്താവ് സമ്മതിച്ചിരുന്നില്ല. പല സമയങ്ങളിൽ ഭർത്താവും ഭർതൃപിതാവും ദർശനയെ ശാരീരികമായി ഉപദ്രവിച്ചതായി മകൾ പറഞ്ഞിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു. സ്വന്തം വീട്ടിൽ ചെന്ന് തിരിച്ചു പോകാൻ വൈകിയതിന്റെ പേരിൽ കലഹം ഉണ്ടായി. ഇതേ തുടർന്ന് ദർശനയെ പിതാവ് വീട്ടിലേക്ക് കൊണ്ടു വന്നിരുന്നു. ഭർത്താവിന്റെ പിതാവ് വീട്ടുകാരെ അസഭ്യം പറയുന്നത് ദർശന ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. ഈ ശബ്ദ ശകലം അടക്കം പരാതി 2022 മാർച്ചിൽ കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ നൽകിയെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ലെന്നും നിയോഗിച്ച കൗൺസലറിൽനിന്ന് പിന്തുണ ലഭിച്ചില്ലെന്നും കുടുംബം പറഞ്ഞു.
വിവാഹ ബന്ധത്തിൽനിന്ന് പിന്മാറിയാൽ മകളായ ദക്ഷക്ക് പിതാവിനെ നഷ്ടപ്പെടുമെന്ന ചിന്തയിൽ ആ തീരുമാനത്തിൽനിന്ന് ദർശന പിന്മാറുകയും ഭർതൃവീട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്ന് വിജയലക്ഷ്മി പറഞ്ഞു. വെണ്ണിയോട് ആശുപത്രിയിൽ ദർശന ഭർത്താവും വീട്ടുകാരും ഗർഭം അലസിപ്പിക്കാൻ നിർബന്ധിപ്പിക്കുകയും അതടക്കമുള്ള മാനസിക ശാരീരിക പീഡനം സഹിക്കാൻ കഴിയാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരണകിടക്കയിൽ കിടന്ന് ദർശന പറഞ്ഞതായി വിശാലാക്ഷി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഭർത്താവിന്റെയും വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി രണ്ടുതവണ ഗർഭം അലസിപ്പിക്കേണ്ടി വന്നത് അവളെ മാനസികമായി തളർത്തിയിരുന്നു. ആറര വർഷത്തോളം നീണ്ട മാനസിക, ശാരീരിക പീഡനങ്ങളെ തുടർന്നാണ് ജീവനൊടുക്കിയതെന്നും കുടുംബം പറഞ്ഞു. മൂന്നു ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായ ഓംപ്രകാശ്, പിതാവ് ഋഷഭരാജൻ, കൂട്ടുനിന്ന മാതാവ് ബ്രാഹ്മില, സഹോദരി ആശ, മറ്റു കുടുംബാംഗങ്ങൾ എന്നിവർക്കെതിരെ ശക്തമായ നിയമ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ, എസ്.പി, മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, കമ്പളക്കാട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയതായി ദർശനയുടെ കുടുംബം പറഞ്ഞു.
കമ്പളക്കാട്: ആശുപത്രിയിൽനിന്ന് മൃതദേഹവുമായി വീട്ടുകാർ ചീങ്ങാടിയിലെ വിജയമന്ദിരം വീട്ടിലെത്തുമ്പോൾ അടഞ്ഞ വാതിൽപ്പടിയിൽ ദർശനയെ കാത്ത് ജില്ല എംേപ്ലായ്മെന്റ് എക്സ്ചേഞ്ചിൽനിന്നുള്ള ജോലിക്കുള്ള ഉത്തരവ് കിടക്കുന്നുണ്ടായിരുന്നു.
ജൂനിയർ സയന്റിഫിക് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് പരിഗണിക്കാൻ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവുമായി എത്തിയ ആ അറിയിപ്പ് സ്വീകരിക്കാൻ കാത്തുനിൽക്കാതെ ദർശന അപ്പോഴേക്കും യാത്രയായിരുന്നു.
പഠന കാര്യങ്ങളിൽ ഏറെ മുൻപന്തിയിൽ നിന്നിരുന്ന ദർശന പല പി.എസ്.സി ലിസ്റ്റുകളിലും ഉണ്ടായിരുന്നു. ബി.എസ് സി കെമിസ്ട്രി ബിരുദധാരിയും ബി.എഡും കഴിഞ്ഞ ദർശന നിലവിലുള്ള യു.പി സ്കൂൾ ടീച്ചേഴ്സ് ലിസ്റ്റിൽ 76 റാങ്കുകാരിയുമാണ്. പനമരം ക്രസന്റ് സ്കൂളിൽ അധ്യാപികയായി കുറച്ചുകാലം ദർശന ജോലിചെയ്തിരുന്നു. പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.