വാകേരി: വാകേരിയിൽ യുവാവിനെ കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കി വനംവകുപ്പ്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനംവകുപ്പ് തിരച്ചിൽ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം.
കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും എന്തിനും തയാറായി നിൽക്കുന്നുണ്ട്. വെടിവെച്ച് കൊല്ലാൻ ഉത്തരവ് ലഭിച്ചതോടെ കടുവയെ എത്രയും പെട്ടെന്ന് കണ്ടെത്തുക എന്ന ലക്ഷ്യത്തിലാണ് വനംവകുപ്പ്. നരഭോജി കടുവ ഞായറാഴ്ച രാവിലെയും പ്രദേശത്തു തന്നെ ഉണ്ടെന്നുള്ളതിന് കാൽപാടുകൾ തെളിവായിട്ടുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് കണ്ടെത്താമെന്നാണ് കരുതുന്നത്.
എന്നാൽ ചെതലയം കാട് മൂടക്കൊല്ലിയിൽ നിന്നും കൂടുതൽ അകലത്തിലല്ല. അതിനാൽ കടുവ വനത്തിൽ കയറിയാൻ കണക്കുകൂട്ടലുകൾ തെറ്റും. അതേസമയം, യുവാവിനെ കൊന്ന കടുവ രാത്രി വീണ്ടും പ്രദേശത്ത് വന്നതായി നാട്ടുകാർ പറഞ്ഞു. നൂറുകണക്കിനാളുകൾ നടന്നുപോയ സ്ഥലത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടത് നാട്ടുകാർക്ക് ആശങ്ക പരത്തിയിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പ് മൂന്ന് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഫോറൻസിക് വിഭാഗം രാവിലെ മൃതദേഹം കണ്ടസ്ഥലത്ത് പരിശോധന നടത്തി. കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സാഹചര്യത്തിൽ കടുവ നരഭോജിയാണെന്ന നിഗമനത്തിൽ ഈ കടുവയെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇതിനുപുറമെ നഷ്ടപരിഹാരമായ പത്തുലക്ഷത്തിന് പുറമെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതൽ തുക അനുവദിക്കണം. ആശ്രിതന് ജോലി നൽകണം. പ്രദേശത്ത് കമ്മതിലോ ടൈഗർ നെറ്റോ പ്രദേശത്ത് സ്ഥാപിക്കുന്നതിന് പുതിയ പ്രപ്പോസൽ നൽകണം. അപകടം നടന്ന സ്ഥലത്തെ കാട് വെട്ടിത്തെളിക്കാൻ നടപടിയെടുക്കണം എന്നിങ്ങനെയായിരുന്നു നാട്ടുകാരുടെ ആവശ്യം. പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ അഞ്ച് ലക്ഷം നൽകുമെന്നും കുടുംബത്തിലെ ഒരാൾക്ക് ആശ്രിത നിയമനം നൽകുമെന്നും ഡി.ഫ്.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.