വടുവഞ്ചാൽ: ഗ്രാമപഞ്ചായത്തിലെ ചോലാടി, വട്ടച്ചോല, നീലിമല, ശേഖരൻകുണ്ട്, ചിത്രഗിരി, വെള്ളേരിവയൽ പ്രദേശങ്ങളിൽ പുലി ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്നത് പതിവായി. നിരവധി പേർക്കാണ് കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ വളർത്തുമൃഗങ്ങളെ നഷടമായത്.
പ്രദേശവാസികളാകട്ടെ ഭീതിയിലുമാണ്. എന്നാൽ, വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിനെ പ്രതിരോധിക്കാൻ വനം വകുപ്പിന്റെ ഭാഗത്തു നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ വന്നുനോക്കി പോകുന്നതല്ലാതെ ഒരു നടപടിയും വനം വകുപ്പധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് ആളുകൾ പറയുന്നു.
ചെല്ലങ്കോട് കുട്ടൻ കടവ് മുതൽ മീൻമുട്ടി ശേഖരൻകുണ്ട് വരെ വൈദ്യുതി ഫെൻസിങ്ങ് പ്രവൃത്തിക്കായി 35 ലക്ഷം രൂപ അനുവദിക്കപ്പെടുകയും ടെൻഡർ നടപടികൾ പൂർത്തീകരിക്കപ്പെടുകയും ചെയ്തെങ്കിലും വനം വകുപ്പധികൃതരുടെ അലംഭാവം കാരണം പണി നീണ്ടു പോവുകയാണ്.
നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന പുലികളെ കൂട് വെച്ച് പിടിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരമാരംഭിക്കുമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചു. യോഗത്തിൽ പ്രസിഡന്റ് ജിനേഷ് വർഗീസ് അധ്യക്ഷത വഹിച്ചു. ജിതിൻ ഡിസൂസ, അനീഷ് ദേവസ്യ, കെ. റെജി, ബിജു റിപ്പൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.