വാകേരി: വാകേരി ഏദൻവാലി എസ്റ്റേറ്റിൽ വീണ്ടും കടുവയിറിങ്ങി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ തോട്ടത്തിൽ ജോലിക്ക് പോവുകയായിരുന്ന ഇന്ദിര, ശാരദ എന്നീ തൊഴിലാളികൾക്കു നേരെയാണ് കടുവ പാഞ്ഞടുത്തത്. തലനാരിഴക്കാണ് ഇവർ കടുവയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്.
പ്രദേശത്ത് വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി വിവിധ ഭാഗങ്ങളിൽ കടുവയെ നിരീക്ഷിക്കാനായി കാമറകൾ സ്ഥാപിച്ചു. കടുവയെ പിടികൂടാനായി കൂട് സ്ഥാപിക്കും. മാനന്തവാടി പനവല്ലിയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം ജൂൈലയിയിൽ ഏദൻ എസ്റ്റേറ്റിൽ ഇറങ്ങിയ കടുവ വളർത്തുനായെ കൊന്നിരുന്നു. തുടർന്ന് അക്രമകാരിയായ കടുവയെ പിടികൂടാൻ എസ്റ്റേറ്റിനുള്ളിൽ കെണിയും കാമറകളും സ്ഥാപിച്ചിരുന്നു. അന്ന് 13 വയസ്സുള്ള പെൺകടുവയാണ് കൂട്ടിൽ കുടുങ്ങിയത്. സുൽത്താൻ ബത്തേരി മേഖലയിൽ നിരവധി വളർത്തുമൃഗങ്ങളെ ഈ കടുവ കൊന്നിരുന്നു.
മീനങ്ങാടി: കഴിഞ്ഞദിവസം മീനങ്ങാടി മണ്ഡകവയലിൽ ജനവാസമേഖലയിൽ കടുവ ഇറങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിൽ. ഞായറാഴ്ച ഉച്ചക്ക് പ്രദേശവാസിയായ രമേശൻ മേയാൻ വിട്ട പശുവിനെ അഴിച്ചുകൊണ്ടു പോകാൻ വന്നപ്പോഴാണ് കടുവ മാനിനെ ആക്രമിക്കുന്നത് കണ്ടത്.
ബഹളംവെച്ചതോടെ മാനിനെ ഉപേക്ഷിച്ച് കടുവ ഓടിപ്പോയി. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതർ പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നിരവധി തവണ കടുവ ഇറങ്ങിയ പ്രദേശമാണ് മണ്ഡകവയൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.