പടിഞ്ഞാറത്തറ: മയക്കുവെടിവെച്ച് പിടികൂടിയ കൊലയാളി കടുവയെ ബത്തേരിയിലെ വനം വകുപ്പിന്റെ വന്യ മൃഗപരിപാലന കേന്ദ്രത്തിലെ കൂട്ടിലേക്ക് മാറ്റിയതോടെ പുതുശ്ശേരിയിലെയും നടമ്മലിലെയും ജനങ്ങളുടെ ഭീതിയകന്നു. പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ തോട്ടത്തിൽ കണ്ടെത്തിയ കടുവയെ മയക്കുവെടിവെക്കാൻ തീരുമാനിച്ചതോടെ ഗ്രാമം ജനസാഗരമായി മാറി.
കടുവയെ കാണുന്നതിനായി ആയിരക്കണക്കിനാളുകളാണ് സമീപപ്രദേശങ്ങളിൽ നിന്നടക്കം നടമ്മലിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി വയനാടിനെ മുൾമുനയിലാക്കിയ കടുവയുടെ സഞ്ചാരപഥം എങ്ങോട്ടെന്ന ഭീതിയിലായിരുന്നു നാട്.
പുതുശ്ശേരിയിൽ നിന്നും സഞ്ചാരം തുടങ്ങിയ കടുവയെ കണ്ടെത്താനാവാത്തതും തുടർന്ന് നല്ലൂർ നാട് അംബേദ്കറിലും പീച്ചങ്ങോട് പ്രദേശത്തും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞതോടെ ഇനി കടുവയുടെ സഞ്ചാരം എങ്ങോട്ടെന്ന ഭീതിയിലായിരുന്നു ജനം.
കുപ്പാടിത്തറയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ആദ്യം ഭയന്ന നാടും നാട്ടുകാരും വനംവകുപ്പിന്റെ ഇടപെടലും മയക്കു വെടിവെക്കാനുള്ള തീരുമാനവും പുറത്തുവന്നതോടെ പ്രദേശത്തേക്ക് ഒഴുകുകയായിരുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കടുവയെ പിടികൂടുന്നത് കാണാനെത്തിയിരുന്നു.
കടുവ കേളോത്ത് മൊയ്തുവിനെ ആക്രമിക്കാൻ ശ്രമിച്ചതറിഞ്ഞ് നിരവധിയാളുകൾ വീട്ടിലെത്തിയിരുന്നു. രണ്ട് ഏക്കറോളം വരുന്ന വാഴത്തോട്ടത്തിൽ കടുവ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇവർ ഉറപ്പാക്കി. തുടർന്നെത്തിയ വനം വകുപ്പ് കടുവ വിശ്രമിക്കുന്ന സ്ഥലം മനസ്സിലാക്കി. കടുവയെ കാണാൻ എത്തിയ ജനങ്ങളെ വനപാലക സംഘവും പൊലീസും ദൂരത്തേക്ക് മാറ്റിനിർത്തി.
മയക്കു വെടിയേറ്റ കടുവ പടിഞ്ഞാറത്തറ -മാനന്തവാടി റോഡിന് സമീപത്തേക്ക് ഓടിയെത്തിയപ്പോൾ ജനസാഗരമായിരുന്നു പ്രദേശത്ത്. സമീപത്തുള്ള നടമ്മൽ ജുമാ മസ്ജിദിന്റെ വരാന്തയിലും പുറത്തും മതിലിന് സമീപത്തും പള്ളിയുടെ ഒന്നാം നിലയിലും അടക്കം ജനങ്ങൾ കടുവയെ കാണാൻ എത്തി.
കടുവ മയങ്ങിവീണ സ്ഥലത്തിന് സമീപത്തെ ക്വാർട്ടേഴ്സിന്റെ മുകളിലും സമീപത്തെ അറക്ക മുസ്തഫയുടെ വീടിനുള്ളിലും ഒന്നാം നിലയിലും, റോഡിലും ജനങ്ങൾ തടിച്ചുകൂടിയിരുന്നു. മയങ്ങി വീണെന്ന് കരുതിയ കടുവ എഴുന്നേൽക്കാൻ ശ്രമിച്ചത് ജനങ്ങളെ ഭീതിയിലാക്കിയിരുന്നു.
കടുവ മയങ്ങി വീണ നിമിഷം വലപാലകർ വലയുമായി ഓടിയെത്തി കടുവയെ വലയിലാക്കിയ സമയത്ത് വലിയ കരഘോഷങ്ങളോടെയാണ് നാട്ടുകാർ സന്തോഷം പങ്കുവെച്ചത്. മൊബൈലുകളിൽ കടുവയുടെ വീഡിയോയും ചിത്രങ്ങളും പകർത്താൻ നിരവധിയാളുകൾ ശ്രമിച്ചു.
കടുവയെ വലയിലാക്കി വാഹനത്തിൽ എത്തിക്കുന്ന സ്ഥലത്തും വലിയ ജനക്കൂട്ടമായിരുന്നു. നാടിനെ ഒന്നാകെ ഭീതി പ്പെടുത്തിയ കൊലയാളി കടുവയെ നേരിൽ കണ്ട കൗതുകം വലിയ ശബ്ദമായാണ് പ്രദേശത്ത് ഉയർന്നത്.
വാഹനത്തിൽ കയറ്റി കൊണ്ടുപോയ കടുവക്ക് റോഡിൽ നിറഞ്ഞുനിന്ന ജനക്കൂട്ടമാണ് വഴിയൊരുക്കിയതും. ചില സമയങ്ങളിൽ ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു. മറ്റു ജില്ലകളിൽനിന്നും എത്തിയ പൊലീസ് സംഘമാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.