പ​ന​മ​രം ടൗ​ൺ

ട്രാഫിക് പരിഷ്കരണം നടപ്പായില്ല അഴിയാക്കുരുക്കിൽ പനമരം ടൗൺ

പനമരം: ആറു വർഷത്തിലധികമായി ട്രാഫിക് പരിഷ്കരണം അന്യമായ പനമരം ടൗണിലൂടെ കടന്നുപോകണമെങ്കിൽ നല്ലരീതിയിൽ വിയർക്കേണ്ടിവരും. ടൗണിൽ വാഹനങ്ങളിലെത്തുന്നവർ വാഹനം എവിടെ നിർത്തണമെന്നറിയാതെ കുഴയും. സാധനങ്ങൾ വാങ്ങാനെത്തുന്നവരോ ടൗണിന് പുറത്ത് എവിടെയെങ്കിലും വാഹനം നിർത്തി ഇറങ്ങി നടക്കണം. ഇനി ടൗണിലെങ്ങാനും നിർത്തിയാലോ അവിടെ അഴിയാക്കുരുക്കാകും. വർഷങ്ങളായി പനമരം ടൗണിന്‍റെ അവസ്ഥയാണിത്. ട്രാഫിക് പരിഷ്കരണം നടപ്പാക്കാത്തതിനാൽ പനമരം ടൗൺ കുത്തഴിഞ്ഞ നിലയിലാണ്. ഇതിനൊരു ശാശ്വത പരിഹാരം എന്നുണ്ടാകുമെന്നാണ് പൊതുജനങ്ങളും വ്യാപാരികളും ടാക്സിക്കാരും ഒരുപോലെ ചോദിക്കുന്നത്.

ആറു വർഷമായി ടൗണിൽ ട്രാഫിക് പരിഷ്കരണം നടത്തിയിട്ട്. പലതവണയായി അഞ്ചിലധികം ട്രാഫിക് അഡ്വൈസറി ബോർഡ് വിളിച്ചു ചേർത്തിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ പരിഷ്കരണം നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രഖ്യാപിച്ചെങ്കിലും പുതിയ തീരുമാനങ്ങളിലെ ആശങ്ക ഉയർത്തി വ്യാപാരി വ്യവസായി ഏകോപന സമിതി പനരം യൂനിറ്റ് എതിർപ്പ് അറിയിച്ചു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് കാര്യക്ഷമമായ ട്രാഫിക് പരിഷ്കരണം ഉണ്ടാകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

നിലവിൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ടൗണിൽ വാഹനങ്ങൾ തോന്നിയപോലെയാണ് നിർത്തുന്നത്. പലസ്ഥലങ്ങളിലും പാർക്കിങ് ബോർഡുകളോ നോ പാർക്കിങ് ബോർഡുകളോ ഇല്ല. അറിയാതെ വാഹനമെങ്ങാനും നിർത്തിയാൽ പൊലീസിന്‍റെ പിഴ വീഴും. തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തുന്നതിലൂടെയുണ്ടാകുന്ന ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾ പോലും കടന്നുപോകാൻ പാടുപെടും. ടൗണിൽ ഓട്ടോറിക്ഷകൾക്ക് ഉൾപ്പെടെ കൃത്യമായ രീതിയിൽ സ്റ്റാൻഡ് അനുവദിച്ച് നൽകാത്തതും പ്രശ്നം രൂക്ഷമാക്കുകയാണ്. രണ്ടു വശങ്ങളിലായും ഇപ്പോൾ ഓട്ടോറിക്ഷകൾ നിർത്തിയിടുന്നുണ്ട്. ടൗണിൽ പുതുതായി ഓട്ടോ സ്റ്റാൻഡുകൾ അനുവദിക്കാത്തതും പ്രശ്നം സങ്കീർണമാക്കുകയാണ്.

ടൗൺ വികസിക്കുന്നതിനനുസരിച്ച് ട്രാഫിക് പരിഷ്കരിക്കാത്തതിനാൽ പൊലീസും വാഹന ഉടമകളും തമ്മിൽ വാക്കേറ്റവും പതിവാണ്. രാവിലെയും വൈകീട്ടും കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തുമുള്ള തിരക്ക് നിയന്ത്രിക്കാനാകാറില്ല. ആശുപത്രി റോഡിൽ പാർക്കിങ് പാടില്ലെങ്കിലും ഇവിടെ വാഹനം നിർത്തുന്നത് തടയാനും പൊലീസിന് കഴിയുന്നില്ല. നേരത്തേ നടപ്പാക്കുമെന്നറിയിച്ച ട്രാഫിക് പരിഷ്കാരങ്ങൾ എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് എത്രയും വേഗം നടപ്പാക്കണമെന്നാണ് ആവശ്യം.

Tags:    
News Summary - Traffic reform is not implemented in Panamaram town in Azhiakkuruk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.