മാനന്തവാടി: ശരീര അവയവങ്ങളിലെ സന്ധികൾ ഇളകിത്തൂങ്ങി ശരീരം പൂർണമായും കുഴഞ്ഞ് ചലനമറ്റു പോവുന്ന അപൂർവ രോഗത്തിന്റെ പിടിയിലാണ് ആദിത്ത് എന്ന രണ്ടുവയസ്സുകാരൻ. വെള്ളമുണ്ട കോക്കടവ് കൂവണകുന്ന് കോളനിയിലെ ചന്ദ്രൻ -ധന്യ ദമ്പതിമാരുടെ മകന്റെ ഈ മാരക രോഗത്തിന് കേരളത്തിലെവിടെയും ചികിത്സ ലഭ്യമല്ലെന്നാണ് അറിവ്.
ലാർസൻസിൻഡ്രം ആർത്തോ ഗ്രൈപോസീസ് മൾട്ടിപ്ലക്സ് എന്ന ഈ രോഗത്തിന് കർണാടകയിലെ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ ചികിത്സ ലഭ്യമാവുമെന്ന നിർദേശത്തെ തുടർന്ന് അവിടെ ബന്ധപെട്ടപ്പോൾ സർജറികളിലൂടെ ഈ രോഗാവസ്ഥ ഇല്ലാതാക്കാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞിട്ടുണ്ട്. 10 ലക്ഷം രൂപ സർജറിക്ക് മാത്രമായി ചെലവ് വരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ പറഞ്ഞത്. ഉദാരമതികളുടെ സഹായം കൊണ്ട് മാത്രമേ കുരുന്നു ജീവൻ രക്ഷിക്കാൻ കഴിയൂ.
ചികിത്സ സഹായവുമായി ബന്ധപ്പെട്ട് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ , ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുല്ല കണിയാങ്കണ്ടി എന്നിവർ രക്ഷാധികാരികളും ഏഴാം വാർഡ് മെംബർ ടി.ജെ. മേരി സ്മിത ചെയർമാനും ബി.കെ. ഗോപാലൻ കൺവീനറായും ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് സർവിസ് കോഓപറേറ്റീവ് ബാങ്ക് വെള്ളമുണ്ട ബ്രാഞ്ചിൽ 17 12 12 80 12 OOO 38 നമ്പർ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: KSBK OOO 1712.
കുരുന്ന് ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണമെന്ന് ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല കണിയാങ്കണ്ടി, ടി.ജെ. മേരി സ്മിത, കെ.പി. ശശികുമാർ, ബി.കെ. ഗോപാലൻ എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.