കൽപറ്റ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ ശതമാനക്കണക്കില്‍ സംസ്ഥാനത്ത് വയനാടിന് ഒന്നാം സ്ഥാനം. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പ്രവര്‍ത്തകര്‍, 45 വയസ്സിനു മുകളിലുള്ളവര്‍, 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളിലാണ് ജില്ല മികച്ച നേട്ടം കൈവരിച്ചത്. ആദ്യ രണ്ട് വിഭാഗങ്ങളില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും മൂന്നാം വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നാലാം വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ജില്ലക്കാണ്. ആരോഗ്യ വകുപ്പിെൻറ തിങ്കളാഴ്ച ഉച്ചക്ക് 12 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 88 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും 83 ശതമാനം മുന്നണി പ്രവര്‍ത്തകരും പൂര്‍ണമായി കുത്തിവെപ്പെടുത്തു. സംസ്ഥാന ശരാശരി യഥാക്രമം 78, 74 ശതമാനമാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇടുക്കിയില്‍ 83 ശതമാനവും മുന്നണി പ്രവര്‍ത്തകരുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ള കോട്ടയത്ത് 79 ശതമാനവുമാണ് പൂര്‍ണ കുത്തിവെപ്പ് എടുത്തവര്‍.
ജില്ലയില്‍ 45 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ 26 ശതമാനം പേരാണ് കുത്തിവെപ്പ് എടുത്തത്. ഈ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്താണ് ജില്ല. ഒന്നാം സ്ഥാനത്തുള്ള പത്തനംതിട്ടയില്‍ 27 ശതമാനമാണ് കണക്ക്. സംസ്ഥാന ശരാശരി 21 ശതമാനം. 18നും 44നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തുള്ള വയനാട്ടിൽ 1.73 ശതമാനമാണ് കുത്തിവെപ്പ് എടുത്തവര്‍. സംസ്ഥാന ശരാശരി 1.31 ശതമാനം. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് മുന്‍നിരയില്‍.
ജില്ലയില്‍ ഇതുവരെയായി ആകെ 2,37,962 പേര് ആദ്യ ഡോസും 76,861 പേര് രണ്ടാം ഡോസും സ്വീകരിച്ചു.
ആകെ ഡോസ് 3,14,823. ആരോഗ്യ പ്രവര്‍ത്തകരുടെ വിഭാഗത്തില്‍ 12,898 പേര് ആദ്യ ഡോസും 11,371 പേര് രണ്ടാം ഡോസും മുന്നണി പ്രവര്‍ത്തകരില്‍ 15,561 പേര് ആദ്യ ഡോസും 12,956 പേര് രണ്ടാം ഡോസും സ്വീകരിച്ചു.
45നു മുകളില്‍ പ്രായമുള്ളവരില്‍ (ലക്ഷ്യം 2,67,814 പേര്) 2,02,843 പേര് ആദ്യ ഡോസ്, 52,534 പേര് രണ്ടാം ഡോസ്, 18നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ (ലക്ഷ്യം 3,84,153 പേര്) 6,660 പേര് ആദ്യ ഡോസ് എന്നിങ്ങനെയാണ് കുത്തിവെപ്പ് എടുത്തത്. ജില്ലയില്‍ ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെടെ കുത്തിവെപ്പ് പൂര്‍ണമാക്കുന്നതിന് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പട്ടികവര്‍ഗ വികസന വകുപ്പും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.