വെള്ളമുണ്ട: പശ്ചിമഘട്ട മലനിരയായ ബാണാസുര മലനിരകളോടു ചേർന്ന് പരിസ്ഥിതി ദുർബല പ്രദേശത്ത് അനധികൃത കുന്നിടിക്കലും റോഡ് നിർമാണവും നീർച്ചാൽ നികത്തലും തുടർക്കഥയാവുമ്പോഴും നടപടികൾ പ്രഹസനമാകുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വലിയ മലനിര ഇടിച്ചുനിരത്തുന്നത് പതിവായിട്ടും റവന്യൂ ഉദ്യോഗസ്ഥർ കണ്ണടക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
പെരുങ്കുളം പ്രദേശത്ത് കഴിഞ്ഞദിവസം നടന്ന നീർച്ചാൽ നികത്തലിനുപിന്നിൽ വെള്ളമുണ്ട പഞ്ചായത്തിലെ സി.പി.എം ജനപ്രതിനിധിയുടെ പങ്ക് അന്വേഷിച്ച് നടപടി എടുക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മാനന്തവാടി തഹസിൽദാർ ജോസ് ചിറ്റിലപ്പള്ളി, ഭൂരേഖ തഹസിൽദാർ എം.ജെ. അഗസ്റ്റിൻ എന്നിവർ സ്ഥലം സന്ദർശിച്ച് നടത്തിയ പരിശോധനയിൽ നീർച്ചാൽ നികത്തിയതായും അനധികൃത മണ്ണെടുപ്പ് നടത്തിയതായും കണ്ടെത്തിയതായി സൂചനയുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
മുമ്പ് സമീപപ്രദേശമായ വാളാരംകുന്നിലെ വിവാദ ക്വാറിയിലേക്കുള്ള റോഡ് നിർമാണം വലിയ പരാതിക്കിടയാക്കുകയും കോടതികയറുകയും ചെയ്തിരുന്നു. ചട്ടങ്ങൾ മുഴുവൻ കാറ്റിൽപറത്തി സർവേ നമ്പർ 622/1എ-യിൽപെട്ട വിവാദ സ്വകാര്യഭൂമിയിൽ നടത്തിയ നിർമാണപ്രവൃത്തി അന്ന് കോടതി തടഞ്ഞിരുന്നു. വെള്ളമുണ്ട വില്ലേജ് രേഖകളിൽ ഭൂമിയുടെ സ്കെച്ചടക്കം രേഖകൾ തിരുത്തിയായിരുന്നു അന്നത്തെ ഖനനം. ചട്ടങ്ങൾ കാറ്റിൽപറത്തി സർക്കാർ ഭൂമിയടക്കം സ്വകാര്യവ്യക്തികൾക്ക് പതിച്ചുനൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് അന്നത്തെ സബ് കലക്ടറുടെ നിർദേശത്തിലും ചൂണ്ടിക്കാണിച്ചിരുന്നു. മേൽ നടപടി ഇപ്പോഴും ഫയലിലുറങ്ങുമ്പോഴാണ് അതേരീതിയിലുള്ള തിരുത്തൽ പ്രവർത്തനങ്ങളുമായി ചില ഉദ്യോഗസ്ഥർ രംഗത്തെത്തിയതായി പരാതിയുയരുന്നത്.
ജണ്ടയുള്ള ഭൂമിയുടെ അതിര് മാറ്റിവരക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നാണ് സൂചന. രാഷ്ട്രീയ പിൻബലമുള്ള ക്വാറി ഉടമകൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തികച്ചും അനധികൃതമായാണ് ഇത്തരം പ്രദേശങ്ങളിൽ നിർമണപ്രവർത്തനങ്ങൾ നടത്തുന്നത്.
ബാണാസുര വനത്തോടു ചേർന്ന പരിസ്ഥിതിദുർബല പ്രദേശമാണിത്. ഈ സ്ഥലത്ത് മണ്ണ് നീക്കുന്നതിനും മരം മുറിക്കുന്നതിനും പ്രത്യേക അനുവാദം വേണമെന്നിരിക്കെ ഒരു അനുമതിയും വാങ്ങാതെയാണ് എല്ലാ നിർമാണ പ്രവൃത്തികളും നടന്നത് എന്നതും ഗൗരവമുള്ള കാര്യമാണ്. അടുത്തകാലത്തായി വനമേഖലയോട് ചേർന്ന വിവിധ സ്വകാര്യ തോട്ടങ്ങളിൽ വ്യാപകമായ മരംമുറിയും നടന്നിട്ടുണ്ട്. അനധികൃത നിർമാണത്തിനെതിരെ പരാതികൾ വ്യാപകമായിട്ടും നടപടി എടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയാറാവാത്തതിനുപിന്നിൽ ദുരൂഹതയുണ്ട്.
ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഒരു പ്രദേശം മുഴുവൻ കിളച്ചുമറിക്കുകയാണെന്ന് ആദിവാസികളടക്കം പരാതിപ്പെടുന്നു. പെരുങ്കുളത്തെ ആദിവാസി കൈയേറ്റ ഭൂമിയോടുചേർന്നും വനത്തിനോട് അതിരുപങ്കിടുന്ന തോട്ടങ്ങളിലുമാണ് വ്യാപകമായ തോതിൽ മെണ്ണടുപ്പു നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.