വെള്ളമുണ്ട: തെരുവുവിളക്കുകൾ കണ്ണടച്ച് നാട് ഇരുട്ടിലായിട്ടും നന്നാക്കാൻ നടപടിയില്ല. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് തെരുവുവിളക്കുകളാണ് മാസങ്ങളായി കത്താതെ കിടക്കുന്നത്.
പഞ്ചായത്തിലെ എട്ടേനാൽ പരിസരത്തെ പ്രധാന പാതകളെല്ലാം ഇരുട്ടിലാണ്. ഗ്രാമങ്ങളിലും ആദിവാസി കോളനിക്കരികിലും പ്രധാന കവലകളിലും സ്ഥാപിച്ച ചെറുതും വലുതുമായ തെരുവുവിളക്കുകളെല്ലാം ഉപയോഗമില്ലാതെ നശിക്കുകയാണ്. കേടായ വിളക്കുകൾ അതത് സമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താതെ ഉപേക്ഷിച്ചതാണ് നാടും റോഡും ഇരുട്ടിലാവാൻ കാരണം. പഞ്ചായത്തിലെ 21 വാർഡുകളിലായി പല ഘട്ടങ്ങളിലായി അയ്യായിരത്തിലധികം തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 75 ശതമാനവും നിലവിൽ ഉപയോഗപ്രദമല്ല.
പഞ്ചായത്ത് ഭരണസമിതിയുടെ തുടക്കകാലത്താണ് വ്യാപക തോതിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. ഗ്രാമീണ റോഡുകളിലടക്കം തെരുവുവിളക്ക് സ്ഥാപിച്ചിരുന്നു. ഭരണസമിതിയുടെ അവസാന നാളാകുമ്പോഴേക്കും ഇവ കൂട്ടത്തോടെ കണ്ണടച്ച നിലയിലാണ്. നിലാവ് പദ്ധതിയിൽപെടുത്തി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവുവിളക്കുകളും കോടികൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും ഉപയോഗശൂന്യമായതോടെ നാട് ഇരുട്ടിലാണ്. അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിച്ചിരുന്നെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ടൗണുകളും റോഡും കവലകളും രാത്രിസമയം ഇരുട്ടിലാവുന്നതോടെ പലസ്ഥലത്തും സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുകയാണ്. തെരുവുനായ് ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ കൂടി കണ്ണടച്ചതോടെ നാട്ടുകാരും വാഹനയാത്രക്കാരും ദുരിതത്തിലാണ്. ഭരണസമിതി ഇടപെട്ട് തെരുവുവിളക്കുകൾ നന്നാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.