വെള്ളമുണ്ട: തൊണ്ടർനാട് പഞ്ചായത്തിൽ അധികൃതരുടെ ഒത്താശയിൽ അനധികൃത നിർമാണവും മണ്ണെടുപ്പും നടക്കുന്നതായി പരാതി. ഭരണസമിതിയിലെ പ്രമുഖരുടെ ഒത്താശയോടെയാണ് പൊതുറോഡിന് ഭീഷണിയാകുന്ന വിധത്തിലുള്ള മണ്ണെടുപ്പ്.
ലക്ഷങ്ങൾ കോഴവാങ്ങി അനധികൃത നിർമാണത്തിനും മണ്ണെടുപ്പിനും അനുമതി നൽകി വ്യാപകമായ അഴിമതി നടത്തുകയാണെന്ന പരാതിയുമായി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി രംഗത്തെത്തി. പഞ്ചായത്ത് പരിധിയിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ അടക്കമുള്ള സ്ഥലങ്ങളിൽ വൻകിട നിർമാണങ്ങൾ നടന്നുവരുകയാണ്.
മക്കിയാട് 12ാം മൈൽ പ്രദേശത്ത് രണ്ടുപ്രധാന റോഡുകൾക്കിടയിലുള്ള സ്ഥലത്ത് ബഹുനില കെട്ടിടത്തിന് ചട്ടങ്ങൾ പാലിക്കാതെ നിർമാണ അനുമതി നൽകിയെന്നാണ് പരാതി.
ഈ സ്ഥലത്ത് 15മീറ്ററോളം ഉയരത്തിൽ മണ്ണെടുത്തിട്ടുണ്ട്. ഇപ്പോൾ തെറ്റമല റോഡ് അപകട ഭീഷണിയിലാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ നൽകിയിട്ടും പഞ്ചായത്തധികൃതരുടെ ഒത്താശയോടെ മണ്ണെടുപ്പ് തുടരുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
പരിസ്ഥിതിലോല പ്രദേശമായ ചാലിൽ വൻകിട റിസോർട്ടുകൾക്ക് നിർമാണ അനുമതി നൽകിയതിലും ദുരൂഹതയുണ്ട്. പുതുശ്ശേരിയിൽ അനധികൃത മണ്ണെടുപ്പ് തടഞ്ഞു ഉദ്യോഗസ്ഥർ ഒമ്പത് ലക്ഷം രൂപ പിഴയിട്ടതു പ്രമുഖർ ഇടപെട്ട് ഒഴിവാക്കി നൽകിയെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.