വെള്ളമുണ്ട: ട്രാഫിക് പരിഷ്കരണം താളംതെറ്റിയതോടെ പഞ്ചായത്ത് ആസ്ഥാനംകൂടിയായ എട്ടേനാൽ ടൗണിൽ ഗതാഗത തടസ്സം പതിവാകുന്നു. റോഡിലും റോഡരികിലും തോന്നുംപടി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ടൗണിൽ ഗതാഗതതടസ്സം പതിവായതോടെ നാട്ടുകാരും അധികൃതരും ഇടപെട്ടാണ് ട്രാഫിക് പരിഷ്കരണം ഏർപ്പെടുത്തിയത്. ജനകീയ പങ്കാളിത്തത്തോടെ നല്ല രീതിയിൽ നടപ്പാക്കിയ പദ്ധതി അധികൃതരുടെ അനാസ്ഥ കാരണം മാസങ്ങളായി താളം തെറ്റിയ നിലയിലാണ്. പഴയപടി റോഡിലടക്കം സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായിട്ടുണ്ട്. മൊതക്കര ഭാഗത്തേക്കുള്ള റോഡ് മുഴുവൻ രാവിലെ മുതൽ വാഹനങ്ങൾ നിരന്നുകിടക്കുന്നത് ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതമാവുകയാണ്. ബസ് നിർത്തുന്ന സ്ഥലത്ത് ബസിൽ കയറുന്നതിന് തടസ്സമാവുന്ന തരത്തിലടക്കം വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായിട്ടുണ്ട്.
മാനന്തവാടി, നിരവിൽപുഴ ഭാഗത്തെ റോഡരികിലും അനധികൃത വാഹന പാർക്കിങ് പ്രയാസമുണ്ടാക്കുന്നുണ്ട്. ഓരോ വാഹനങ്ങളും പാർക്ക് ചെയ്യുന്നതിന് പ്രത്യേകം പാർക്കിങ് ഏരിയകൾ നിർണയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പാർക്കിങ് തോന്നുംപടിയാണ്. നോ പാർക്കിങ് ബോർഡുകൾക്ക് താഴെയും റോഡിന്റെ നടുവിലുമടക്കം വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്.
ഇത് പലപ്പോഴും വലിയ ഗതാഗതതടസ്സത്തിനും ഇടയാക്കുന്നു. ബാണാസുര സാഗറിലേക്കുള്ള പ്രധാന റോഡായതിനാൽ പുറത്തുനിന്നടക്കം എത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന റോഡാണെങ്കിലും അധികൃതർ മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.