കൈക്കൂലി വാങ്ങവേ പിടിയിലായ പഞ്ചായത്ത് ഓവര്‍സിയര്‍ പി. സുധി

കൈക്കൂലി വാങ്ങവേ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലൻസ് പിടിയില്‍

വെള്ളമുണ്ട (വയനാട്): റിസോര്‍ട്ട് നിർമാണത്തിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങവേ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലൻസ് പിടിയില്‍. തൊണ്ടര്‍നാട് പഞ്ചായത്ത് ടെക്‌നിക്കല്‍ വിഭാഗത്തിലെ ഗ്രേഡ് സെക്കൻഡ് ഓവര്‍സിയര്‍ താമരശ്ശേരി സച്ചിദാനന്ദം വീട്ടില്‍ പി. സുധി (52)യെയാണ് പിടികൂടിയത്. വയനാട് വിജിലന്‍സ് ആൻഡ് ആന്റികറപ്ഷന്‍സ് ബ്യൂറോ സ്‌ക്വാഡാണ് സുധിയെ അറസ്റ്റ് ചെയ്തത്.

വിപിൻ, പ്രജീഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വസ്തുവിൽ കെട്ടിടം പണിയുന്നതിനുള്ള പെർമിറ്റിനായി ബിൽഡിങ് കോൺട്രാക്ടറായ ഷമീൽ എന്നയാളെ ഏല്പിച്ചിരുന്നു. ഷമീൽ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ച് രണ്ടു വില്ലകളുടെ പെർമിറ്റ് നേരത്തേ നേടിയിരുന്നു. കഴിഞ്ഞ മാസം അടുത്ത രണ്ട് വില്ലകളുടെ പെർമിറ്റിനായി അപേക്ഷ സമർപ്പിച്ചു. തുടർന്ന് നിരവധി തവണ ഷമീൽ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഓവര്‍സിയർ 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പലവിധ കാരണങ്ങൾ പറഞ്ഞ് സ്ഥല പരിശോധനയ്ക്ക് തയാറായതുമില്ല. ഇതോടെ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

വിജിലന്‍സ് നിർദേശിച്ച പ്രകാരം കെട്ടിടം നിർമിക്കുന്ന സ്ഥലത്തേക്ക് ഓവർസിയറെ വിളിച്ചുവരുത്തി അടയാളപ്പെടുത്തിയ 5000 രൂപ കൈക്കൂലിയായി നല്‍കുകയായിരുന്നു. ഈ പണം തെളിവു സഹിതം വിജിലൻസ് പിടികൂടി. 5000 രൂപ കൈക്കൂലി വാങ്ങിയ ശേഷം ഇത് മുമ്പ് പെർമിറ്റ് അനുവദിച്ച വില്ലകൾക്കുള്ളതാണെന്നും ഇപ്പോഴത്തെ വില്ലകൾക്ക് വേറെ 5000 രൂപ കൂടി വേണമെന്നും ഓവർസിയർ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫിസിലും പ്രതിയുമായി പരിശോധന നടത്തി.

അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ പൊലീസ് ഇൻസ്പെക്ടറായ പി. ശശിധരൻ, ഇൻസ്പെക്ടർ ജയപ്രകാശ്, എ.എസ്.ഐമാരായ റെജി, സുരേഷ്, ജോൺസൺ, സിവിൽ പൊലീസ് ഓഫിസർമാരായ ഗോപാലകൃഷ്ണൻ, ഷാജഹാൻ, ബിനോയി, ബാലൻ, സുബാഷ്, അജിത് കുമാർ, സുബിൻ, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - Panchayat overseer arrested for taking bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.