വെള്ളമുണ്ട: ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെതിരെ മാനന്തവാടിയിൽ യൂത്ത് കോൺഗ്രസിനകത്ത് പ്രതിഷേധം. പരസ്യമായി പ്രതികരിച്ച എടവക, വെള്ളമുണ്ട മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരെ ചുമതലകളിൽനിന്ന് പുറത്താക്കി.
ഇതിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.ജെ. ജോസ്, ജനറൽ സെക്രട്ടറിമാരായ കെ. ഷറഫലി, സനീഷ് എന്നിവർ രാജിവെച്ചു.
ഡി.സി.സി പ്രസിഡന്റ് മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജന. സെക്രട്ടറി വിജിതയെ പ്രസംഗത്തിനിടയിൽ അപമാനിച്ചതായ പരാതിയെ തുടർന്നാണ് യൂത്ത് കോൺഗ്രസിലെ പൊട്ടിത്തെറി. പരാതിയുടെ അടിസ്ഥാനത്തിൽ എൻ.ഡി. അപ്പച്ചനെതിരെ നടപടിയെടുക്കണം എന്ന ആവശ്യവുമായി എടവക, വെള്ളമുണ്ട മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയായിരുന്നു. പാർട്ടി ഇത് നിരസിക്കുകയും പ്രസ്താവനയിറക്കിയവരെ പുറത്താക്കുകയും ചെയ്തതോടെ കൂടുതൽ പേർ പരസ്യ പ്രസ്താവനയുമായി രംഗത്തിറങ്ങിയതും നേതാക്കളെ വെട്ടിലാക്കി.
തിരുനെല്ലി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയും ഡി.സി.സി പ്രസിഡന്റിനെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ഡി.സി.സി പ്രസിഡന്റ് കുറ്റക്കാരനാണെന്ന് വ്യക്തമായ സ്ഥിതിക്ക് അദ്ദേഹത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് തിരുനെല്ലി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംയുക്തമായി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.