വെളളമുണ്ട: കുടിവെള്ള പദ്ധതികൾക്ക് ആശങ്കയുയർത്തി പുഴകളിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. വെള്ളമുണ്ട -പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ തോടുകളും പുഴകളുമാണ് സമീപകാലത്തായി മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമാവുന്നത്. ഇരു പഞ്ചായത്തുകൾ അതിര് പങ്കിടുന്ന പാലയാണ, കക്കടവ്, പുതുശ്ശേരിക്കടവ് പുഴകളിലാണ് വ്യാപകമായി മാലിന്യം നിറയുന്നത്. കോഴിമാലിന്യം, പ്ലാസ്റ്റിക് തുടങ്ങിയവയടക്കം അടിയുന്നുണ്ട്.
പ്രദേശവാസികൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കടവുകളിൽ മാലിന്യം വന്നടിയുന്നത് ആരോഗ്യ ഭീഷണിയുയർത്തുകയാണ്. പ്ലാസ്റ്റിക് കവറുകളിലും ചാക്കിലും കെട്ടി മാലിന്യം പുഴയിൽ തള്ളുന്നത് പതിവായിരുന്നെങ്കിലും ഇടക്കാലത്ത് നിലച്ചിരുന്നു. വീണ്ടും പുഴ മലിനമാവുന്നതിന്റെ കാരണം തിരയുകയാണ് പ്രദേശവാസികൾ. നിരവധി കുടിവെള്ള പദ്ധതികളും ജലസേചനപദ്ധതികളും പുഴവെള്ളത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. വേനൽ കനക്കുന്നതോടെ നൂറുകണക്കിന് ആദിവാസികളടക്കമുള്ള കുടുംബങ്ങൾ കുടിവെള്ളമടക്കം ഈ പുഴയിൽ നിന്ന് ശേഖരിക്കാറുണ്ട്. ജനജീവിതത്തിന് ഭീഷണിയുയർത്തുന്ന വിധം മാലിന്യം നിറയുന്നതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.