വെള്ളമുണ്ട (വയനാട്): മഴക്കെടുതിക്കിരയായ കാപ്പുമ്മൽ കോളനിക്കാർക്ക് ഇനി മണ്ണിടിച്ചിൽ ഭീതിയില്ലാതെ സ്വസ്ഥമായി ഉറങ്ങാം. പുനരധിവാസത്തിനായി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമിച്ച ആറു വീടുകൾ ഉടൻ കുടുംബങ്ങൾക്ക് കൈമാറും. വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പടാരികാപ്പുമ്മല്‍ കോളനിയിലെ ആദിവാസി കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. രണ്ടു വർഷം മുമ്പ് കനത്ത മഴയിൽ കോളനിക്ക് പിറകില്‍ നിന്ന് മണ്ണിടിഞ്ഞ് വീണതോടെയാണ് കോളനിയിലെ വീടുകൾ ഭീഷണിയിലായത്.
കോളനിവാസിയായ വാസുവിെൻറ വീട് പൂര്‍ണമായും മണ്ണിനടിയിലായി. വീടിനുള്ളില്‍ ദോശയുണ്ടാക്കുകയായിരുന്ന മകള്‍ പത്ത് വയസ്സുകാരി രമ്യയുടെ ദേഹത്ത് തീ പടര്‍ന്ന് 70 ശതമാനത്തോളം പൊള്ളലേറ്റു. ആദ്യം ജില്ല അശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്ന രമ്യ ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും വീടെന്ന സ്വപ്നം പാതിവഴിയിലായിരുന്നു.
മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സബ് കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും കോളനിയിലെത്തി മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇവര്‍ താമസിച്ചുവന്നിരുന്ന സ്ഥലം വാസയോഗ്യമല്ലെന്ന് റവന്യൂ വകുപ്പും ട്രൈബല്‍ വകുപ്പും വിധിയെഴുതിയതോടെയാണ് പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. ആറ് കുടുംബങ്ങൾക്ക് കോളനിയോട് ചേർന്ന് പുതിയ സ്ഥലമെടുത്താണ് വീട് നിർമിക്കുന്നത്. ഒരു കുടുംബത്തിന് സ്ഥലം എടുക്കാൻ ആറ് ലക്ഷവും വീടിന് നാല് ലക്ഷവുമാണ് അനുവദിച്ചത്. ഈ ഫണ്ട് ഉപയോഗിച്ച് 16 സെൻറ് സ്ഥലവും വീടുമാണ് നൽകുന്നത്.
500 ചതുരശ്ര അടിയാണ് ഓരോ വീടും. ഫെബ്രുവരി പത്തിനകം വീടുകൾ കൈമാറുമെന്നാണ് സൂചന. അതേസമയം, നല്ല രീതിയിൽ നിർമാണം പൂർത്തിയായെങ്കിലും ചില പോരായ്മകൾ പരിഹരിക്കേണ്ടതുണ്ടെന്ന് ആദിവാസികൾ പറഞ്ഞു. മഴ പെയ്താൽ പുതിയ വീടുകളിൽ ചിലത് ചോർന്നൊലിക്കുന്നുണ്ടത്രേ. ടോയ്ലറ്റിെൻറ കുഴി നിർമിച്ചതിലും അപാകതയുണ്ട്. ചില മുറികളിലെ ടൈലുകൾ ഇളകുന്നതായും പരാതിയുണ്ട്. ഇവ ഉടൻ പരിഹരിച്ച് വീടുകൾ കൈമാറുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.