വെള്ളമുണ്ട: സമ്പൂർണ ശുചിമുറികളുള്ള ജില്ലയാണെന്ന് അധികൃതർ പറയുമ്പോഴും ഒരു ശുചിമുറി പോലുമില്ലാതെ ആദിവാസി കോളനികൾ. ഒരു കുടുംബത്തിന് ത്രിതല പഞ്ചായത്തുകൾ വഴി വീട് അനുവദിക്കുമ്പോൾ വീടിനൊപ്പം ശുചിമുറി കൂടി വേണമെന്നാണ് ചട്ടമെങ്കിലും പല കോളനികളിലും പാലിക്കപ്പെടുന്നില്ല. വീടിനോടു ചേർന്ന് ശുചിമുറികൾ ഉണ്ടാക്കാറുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിക്കാൻ മാത്രമുള്ളതാണ് ഭൂരിപക്ഷവും. പല വീടുകൾക്കും ശുചിമുറി മാത്രമാണ് ഉണ്ടാകുന്നത്.
സ്ലാബ് മൂടിയ കുഴികൾ ഉണ്ടാക്കാറില്ലെന്ന് ആദിവാസികൾ പറയുന്നു. മറ്റിടങ്ങളിൽ മുറ്റത്ത് രണ്ടടി താഴ്ചയിൽ കുഴികുത്തി കല്ലുകൊണ്ട് കെട്ടാതെ മുകളിൽ സ്ലാബ് വാർത്ത് മൂടുകയാണ് പതിവ്. ആറുമാസത്തിനകം കുഴി നിറഞ്ഞ് ഉപയോഗശൂന്യമാവുകയും ചെയ്യും.
വെള്ളമുണ്ട, തൊണ്ടർനാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ പത്തും പതിനഞ്ചും വീടുകളുള്ള കോളനികളിൽ ഒന്നോ രണ്ടോ വീടുകളിൽ മാത്രമാണ് ശുചിമുറിയുള്ളത്.
പല കോളനികളിലും ഒറ്റമുറി ഷെഡിലാണ് ഊണുമുറിയും കിടപ്പുമുറിയും പഠനമുറിയും വിറകുപുരയും എല്ലാമുള്ളത്. ഈ പാവങ്ങൾക്ക് പ്രാഥമികാവശ്യത്തിന് അടുത്ത തോട്ടങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് ഞെട്ടിക്കുന്നതാണ്. ഫണ്ടും പദ്ധതികളും എല്ലാം എത്തിയിട്ടും ശുചിമുറിയുടെ നിർമാണം പോലും പൂർത്തിയാവാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ബാക്കിയാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.