വെള്ളമുണ്ട: കടുത്ത വേനലിൽ കുടിവെള്ളത്തിന് നെട്ടോട്ടമോടി ആദിവാസി കുടുംബങ്ങൾ. തൊണ്ടനാട് പഞ്ചായത്തിലെ വിവിധ കോളനികളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. മൂളിത്തോട് പാലയാണ കോളനിയിലെ പത്തിലധികം കുടുംബങ്ങൾ വേനൽ തുടങ്ങിയതു മുതൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്ന് തലച്ചുമടായാണ് വെള്ളമെത്തിക്കുന്നത്. ലക്ഷങ്ങൾ മുടക്കി നിർമിച്ച ജലനിധി പദ്ധതി നിലവിലുണ്ടെങ്കിലും ആദിവാസികൾക്ക് ഉപകാരമില്ല.
കടുത്ത വേനലിലും വറ്റാത്ത കിണറും കുടിവെള്ളവിതരണ പൈപ്പുകളും ഉണ്ടെങ്കിലും കാലങ്ങളായി ഇവർക്ക് വെള്ളം ലഭിക്കുന്നില്ല. വേനൽ തുടങ്ങിയത് മുതൽ ജലവിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിച്ച് ചില സ്വകാര്യ വ്യക്തികൾ തോട്ടം നനക്കാൻ ഉപയോഗിക്കുന്നതാണ് കോളനിയിൽ വെള്ളം എത്താത്തതിന് കാരണമെന്ന് ആദിവാസികൾ ആരോപിക്കുന്നു.
കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുന്ന പണിയ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ളവർ ഏറെ ദുരിതത്തിലാണ്. ഒരു കിണർ മാത്രമാണ് താൽക്കാലികമായെങ്കിലും കോളനിയിൽ ഉള്ളത്. വേനൽ തുടങ്ങിയതോടെ വറ്റിയ കിണറിൽ നിന്നും ഒന്നോ രണ്ടോ കുടുംബങ്ങൾക്കുമാത്രമാണ് വെള്ളം ലഭിക്കുക.
ബാക്കിയുള്ളവർ പുറത്തുനിന്ന് വെള്ളം എത്തിക്കുകയാണ്. കോളനിക്കകത്ത് മറ്റൊരു കിണർ കൂടി ഉണ്ടായിരുന്നെങ്കിലും 2018ലെ കാലവർഷത്തിലെ ഉരുൾപൊട്ടലിൽ തകരുകയും പിന്നീട് മണ്ണിട്ട് മൂടുകയുമായിരുന്നു. നിലവിലെ കിണർ ഉപയോഗശൂന്യമായതിനെ തുടർന്ന് മണ്ണിട്ടു മൂടിയെങ്കിലും പകരം കിണർ അനുവദിക്കുകയോ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആദിവാസി സ്ത്രീകൾ പറയുന്നു.
പാലേരി ചിറമൂല കോളനിയിലും കുടുംബങ്ങൾ കുടിവെള്ളത്തിന് പ്രയാസപ്പെടുകയാണ്. കോളനിയുടെ മുകൾഭാഗത്ത് കിണറുണ്ടെങ്കിലും താഴ്ഭാഗത്തുള്ള കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. റോഡരികിൽ താമസിക്കുന്ന നാല് ആദിവാസി കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ പ്രയാസപ്പെടുന്നത്.
പ്രദേശത്തെ മറ്റ് നിരവധി ജനറൽ വിഭാഗത്തിലെ കുടുംബങ്ങളും കുടിവെള്ളമില്ലാതെ ദുരിതത്തിലാണ്. കോളനിയിൽ വെള്ളം എത്തിക്കുന്നതിന് ജലനിധി പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും ചളി വെള്ളമാണ് എല്ലാ ദിവസവും പൈപ്പിൽ എത്തുന്നതെന്ന് ഇവർ പറയുന്നു. ഇത് അലക്കാനോ കുളിക്കാനോ മറ്റുപയോഗത്തിനോ കഴിയുകയില്ല.
നിരവധിതവണ പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുഞ്ഞോം പണിയ കോളനിയിലും നടപ്പാക്കിയ കുടിവെള്ള പദ്ധതിയും വർഷങ്ങളായി തകർന്നു കിടക്കുകയാണ്.
വിവിധ കാലങ്ങളിൽ നടപ്പാക്കിയ പദ്ധതികൾ കോടികൾ വിഴുങ്ങിയ പദ്ധതികളായി എന്നതിനപ്പുറം ഇവിടത്തെ കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. പലപ്പോഴും സ്വകാര്യ വ്യക്തികൾ ഈ പദ്ധതികൾ കൈയേറ്റം ചെയ്യുന്നതോ കോളനികളിൽ പൊട്ടുന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടക്കാത്തതോ ആണ് പദ്ധതി മുടങ്ങാൻ ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.