വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ

പഴയകാല ഓർമകളിൽ തിളങ്ങി വെള്ളമുണ്ട ഹൈസ്കൂൾ

വെള്ളമുണ്ട: പൂർവ വിദ്യാർഥികളുടെ പഴയകാല ഓർമകളിൽ തിളങ്ങി വെള്ളമുണ്ട ഹൈസ്കൂൾ. വിവിധ കാലങ്ങളിൽ വെള്ളമുണ്ട ഹൈസ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികൾ ബാച്ച് തിരിഞ്ഞ് കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തിയ കൂടിച്ചേരലുകളിൽ വിദ്യാലയത്തിന്‍റെ ഗതകാല ഓർമകൾ ഉണരുകയാണ്. 1958ൽ സ്ഥാപിതമായ വിദ്യാലയത്തിലെ നിരവധി ബാച്ച് സംഗമങ്ങൾ നടന്നുകഴിഞ്ഞു. ശനിയാഴ്ച പൂർവ വിദ്യാർഥി മഹാസംഗമത്തിന് ചരിത്രത്തിൽ സ്ഥാനംപിടിച്ച സ്കൂളിലെ മഹാഗണിച്ചുവട് വേദിയാവും.

വടക്കേ വയനാട്ടിൽ ഹൈസ്കൂൾ പഠനത്തിനുള്ള ഏക ആശ്രയം മാനന്തവാടി ഹൈസ്കൂൾ മാത്രമായിരുന്ന കാലത്ത് നടന്നും തോണിയിലും അവിടെ പോയി പഠിച്ചു വന്നവർ തങ്ങളുടെ പിന്മുറക്കാർക്കു വേണ്ടി ഇറങ്ങിപ്പുറപ്പെട്ടതിന്‍റെ ഫലമായിരുന്നു ഈ വിദ്യാലയം. വെള്ളമുണ്ട എ.യു.പി സ്കൂളിലെ പഠനം കഴിഞ്ഞാൽ തുടർ പഠനത്തിന് മാനന്തവാടി വരെ പോകാൻ മാത്രം സൗകര്യങ്ങളും താൽപര്യങ്ങളും ഇല്ലാത്തൊരു കാലത്ത്, സാധാരണക്കാരുടെ മക്കൾക്ക് ഹൈസ്കൂൾ പഠനം സാധ്യമാക്കിയത് ഈ വിദ്യാലയമായിരുന്നു.

എ.യു.പിയിലെതന്നെ അധ്യാപകനും കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രദേശത്തെ സ്ഥാപക നേതാവുകൂടിയായിരുന്ന എ.കെ.കെ. മാഷ് എന്നറിയപ്പെടുന്ന അരീക്കര കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ, വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന പി.സി. കുര്യാക്കോസ്, ഐ. മമ്മു തുടങ്ങിയവരുടെ ചിന്തയും അധ്വാനവുമാണ് വെള്ളമുണ്ട ഹൈസ്കൂളിന്റെ ജന്മത്തിന് കാരണമായത്. 1958ൽ സ്ഥാപിതമായ ഹൈ സ്കൂളിന് സ്ഥലം നൽകിയത് വട്ടത്തോട് നാണു മാസ്റ്ററുടെ കുടുംബമായിരുന്നു. പാറക്ക മമ്മുവിന്‍റെ കുടുംബ സ്ഥലവും വേട്ടക്കൊരു മകൻ അമ്പലത്തിന്‍റെ സ്ഥലവും പിന്നീട് സ്കൂളിനായി അക്വയർ ചെയ്തു. എ.യു.പി സ്കൂളിലെ ചെറിയ ഒരു ക്ലാസ് മുറിയായിരുന്നു ഓഫിസും സ്റ്റാഫ് റൂമും ഒക്കെ. പഠനം നിർത്തി കാലിനോക്കിയും വയലിൽ ഏര് കെട്ടിയും (കന്നുപൂട്ട്) നടന്ന പലരെയും അവിടങ്ങളിൽ ചെന്ന് കൂട്ടിക്കൊണ്ടുവന്നാണ് സ്കൂൾ ആരംഭിച്ചത്. പരമേശ്വര അയ്യർ എന്ന അയ്യർ സാറായിരുന്നു പ്രധാനാധ്യാപകൻ ഇൻ ചാർജ്‌. പിന്നീട് ഹെഡ്മാസ്റ്റർ തസ്തിക അനുവദിച്ചുകിട്ടി. പിന്നീട് ഘട്ടംഘട്ടമായി വളർന്ന വിദ്യാലയത്തിൽനിന്ന് പഠിച്ച് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച നിരവധി വ്യക്തിത്വങ്ങളെയും ഈ വിദ്യാലയം സമൂഹത്തിന് നൽകിയിട്ടുണ്ട്. പൂർവവിദ്യാർഥി സംഗമങ്ങളിലൂടെ പഴയകാല അനുഭവങ്ങൾ ചികയുകയാണ് ഇന്ന് നാടും വിദ്യാലയവും.

'ഒരു വട്ടംകൂടി മഹാഗണി ചുവട്ടിലേക്ക്' പൂർവവിദ്യാർഥി സംഗമം ഇന്ന്

മാനന്തവാടി: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഗമം 'ഒരു വട്ടംകൂടി മഹാഗണി ചുവട്ടിലേക്ക്' ശനിയാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ നിർമിച്ച ഗേറ്റ് സ്കൂളിന് സമർപ്പിക്കും. 1976 എസ്.എസ്.എൽ.സി ബാച്ചുകാരാണ് സ്കൂളിനായി ഗേറ്റ് നിർമിച്ചത്. സ്കൂൾ വിദ്യാർഥിയായി ഒന്നാമതായി പ്രവേശനം നേടിയ രാമൻകുട്ടി നായർ രാവിലെ 10ന് ഗേറ്റ് സ്കൂളിന് സമർപ്പിക്കും. പൂർവവിദ്യാർഥി സംഗമം സ്കൂളിന്‍റെ ശിൽപികളിലൊരാളും മുൻ പ്രധാനാധ്യാപകനുമായ എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 1958ൽ സ്ഥാപിതമായ വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വർഷങ്ങളായി ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ്.എസ്.എൽ.സി പരീക്ഷക്കിരുത്തുന്നു. പൂർവവിദ്യാർഥി സംഘടന പ്രസിഡന്‍റ് റിട്ട. അധ്യാപകൻ എം. മമ്മു, സെക്രട്ടറി രഞ്ജിത്ത് മാനിയിൽ, പി.ടി.എ പ്രസിഡന്‍റ ടി.കെ. മമ്മൂട്ടി, കെ. മുഹമ്മദ്, സ്റ്റാഫ് പ്രതിനിധി ഐ.പി. ആലീസ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.


Tags:    
News Summary - vellamunda High school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.