വെള്ളമുണ്ട ആറാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി ടി. മൊയ്തു വോട്ടഭ്യർഥിക്കുന്നു

ഇനി വോട്ടിനുള്ള ഓട്ടം....

വെള്ളമുണ്ട: കോവിഡ് ഭീതി മുന്നിലുള്ളതിനാൽ രസകരമാണ് ഇത്തവണത്തെ വോട്ടുപിടിത്തം. സ്ഥാനാർഥിക്കൊപ്പം മൂന്നുപേരെ പാടുള്ളൂ. കയറിച്ചെല്ലുന്ന വീട്ടുകാരുടെ സുരക്ഷിതത്വം കൂടി അറിഞ്ഞുവേണം പെരുമാറാൻ. പലഭാഗത്തും കോവിഡ് പോസിറ്റിവ് രോഗികളും ക്വാറൻറീനിൽ കഴിയുന്നവരുമുണ്ട്. അതിനാൽ, വീടിനകത്തേക്കില്ല. മുറ്റത്ത് നിൽക്കണം. കെട്ടിപ്പിടിത്തമില്ല, ദൂരെനിന്ന് ചേർത്തുപിടിക്കാനാവണം. വോട്ടഭ്യർഥിച്ചുള്ള നോട്ടീസ്​ പോലും വാങ്ങാൻ തയാറാവാത്തവരോട് മുന്നിലാണ് സാഹസപ്പെട്ടുള്ള വോട്ടുപിടിത്തം.

തെരഞ്ഞെടുപ്പ് രംഗം ചൂടേറിയതോടെ, പൊതു പരിപാടികളെല്ലാം കുറവായതിനാൽ ഗൃഹസന്ദർശനം നടത്തി പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ. രണ്ടും മൂന്നും തവണയാണ് ഇതിനകം സ്ഥാനാർഥികൾ ഓരോ വീട്ടിലും എത്തിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ വിനയാകും. എന്നാലോ, വോട്ടറുടെ മനസ്സിൽ മായാത്ത ചിത്രമായി സ്ഥാനാർഥി സ്വന്തം പരിചയപ്പെടുത്തുകയും വേണം. മുറ്റത്തുനിന്നാണ് സംസാരം മുഴുവൻ. ഇടക്ക് മാസ്ക് ഒന്നു മാറ്റി മുഖം വീട്ടുകാരെ കാണിക്കും. പിന്നെ ഒരു ചിരിയോടെ മാസ്ക് എടുത്തണിഞ്ഞ്​ വോട്ട് അഭ്യർഥനയായി. കൂടുതൽ ആളെ കൂട്ടിയാലും പ്രശ്നം. കൂടെ കൂട്ടുന്നവരെ രണ്ടോ മൂന്നോ വീട് കഴിയുമ്പോൾ ഒഴിവാക്കും. എന്നാൽ, ചിലയിടങ്ങളിൽ മാസ്ക് കൈയിൽ ചുരുട്ടിവെച്ച്, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാനാർഥികൾ വീടുകളിൽ എത്തുന്നതായും പറയുന്നു.

പല സ്ഥാനാർഥികളും വീടുകളിൽ കയറി ആലിംഗനവും ഹസ്തദാനവും നടത്തുന്നതായും പരാതിയുണ്ട്. സ്ഥാനാർഥികളുടെ മുഖത്തുനോക്കി എങ്ങനെ പറയും എന്ന ബുദ്ധിമുട്ടിലാണ് വീട്ടുകാർ. പലർക്കും ചിഹ്നങ്ങളും സ്വന്തം ചിത്രങ്ങളും അടങ്ങിയ മാസ്കുകളും തയാറായിക്കഴിഞ്ഞു. അച്ചടിച്ച പ്രചാരണ മാധ്യമങ്ങൾ ഇത്തവണ വളരെ കുറവാണ്. സമൂഹ മാധ്യമങ്ങളിലാണ് ഇത്തവണ കളി. സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ സ്ഥാനാർഥികൾ എല്ലാം സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വലിയ പൊതുപരിപാടികളും ദേശീയ, സംസ്ഥാന നേതാക്കളുടെ പ്രാദേശിക സന്ദർശനവും ഇത്തവണ ഉണ്ടാവില്ല. ആളെ കൂട്ടിയുള്ള പ്രചാരണവും നടക്കില്ല. പൊതുജനത്തിന് ആശ്വാസമുണ്ടാക്കുന്ന രീതിയാണെങ്കിലും സ്ഥാനാർഥികളും മുന്നണികളും പ്രചാരണ രംഗത്ത് വലിയ പ്രതിസന്ധിതന്നെ അനുഭവിക്കുന്നുണ്ട്.

Tags:    
News Summary - vote seeking going on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.