വെള്ളമുണ്ട: മാനന്തവാടി-പടിഞ്ഞാറത്തറ-കൽപറ്റ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ രണ്ടുദിവസമായി നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. കൽപറ്റ ഡിവൈ.എസ്.പിയുമായി ബസ് ഉടമകളും, തൊഴിലാളി സംഘടന നേതാക്കളും നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. ബസ് തൊഴിലാളികൾക്ക് ജോലി സംരക്ഷണം ഉറപ്പുവരുത്തും, ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ നൽകിയ പരാതിയിൽ അന്വേഷിച്ച് നടപടിയെടുക്കും തുടങ്ങിയ ഉറപ്പുകൾ ലഭിച്ചതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു.
ബസ് സർവിസുകളും, റൂട്ടുകളും സംബന്ധിച്ച് എന്തെങ്കിലും പ്രശ്നമോ പരാതികളോ ഉള്ളവർ ബസ് തടയുകയോ, നിയമം കൈയിലെടുക്കുകയോ ചെയ്യാതെ മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകി നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ തീരുമാനമായി. പടിഞ്ഞാറത്തറയില്‍ നിന്നും പന്തിപ്പൊയിലിലേക്കുള്ള രാത്രിയിലെ സര്‍വിസ് നടത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ ദിവസം സ്വകാര്യ ബസ് തടഞ്ഞിരുന്നു. മാനന്തവാടി - പടിഞ്ഞാറത്തറ - കല്പറ്റ സർവിസ് നടത്തുന്ന ഹിന്ദുസ്ഥാന്‍ ബസ്സായിരുന്നു വെള്ളിയാഴ്ച രാത്രി കാപ്പുണ്ടിക്കലില്‍ വെച്ച് തടഞ്ഞത്.
തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പടിഞ്ഞാറത്തറ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യബസുകൾ ശനിയാഴ്ച മിന്നൽ പണിമുടക്ക് നടത്തിയത്. സമരം ഞായറാഴ്ചയും തുടർന്നിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികളും യാത്രക്കാരുമാണ് ഇതുമൂലം വലഞ്ഞത്. ഈ റൂട്ടിൽ ഭൂരിഭാഗവും സ്വകാര്യ ബസുകളാണ് ഓടുന്നത് എന്നതിനാൽ സമരദിവസങ്ങളിൽ യാത്രാദുരിതം ഇരട്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.