വെള്ളമുണ്ട: കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ വീട്ടമ്മയുടെ ഫാമിലെ 500ലധികം കോഴികളെ കൊന്നു. ചെറുകര ആര്‍വാള്‍ ഐക്കരോട്ട് പറമ്പില്‍ മിനി ജോസഫിന്റെ ഫാമിലെ കോഴികളാണ് ചത്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഫാമിന്റെ നെറ്റ് വേലി തകര്‍ത്താണ് ഫാമിനുള്ളില്‍ നായ്ക്കൾ കയറിയത്.
2000ത്തോളം കോഴികളാണ് ഫാമിനുള്ളിലുണ്ടായിരുന്നത്. ഇവക്കിടയിലൂടെ ഓടിക്കയറിയ നായ്ക്കള്‍ കടിച്ചുകൊല്ലുകയായിരുന്നു. നിരവധി കോഴികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തെരുവുനായ് കടിച്ചതിനാല്‍ മുഴുവന്‍ കോഴികളെയും കുഴിച്ചിടുകയാണ് ചെയ്തത്. വീട്ടമ്മയായ മിനി ജോസഫ് കുടുംബശ്രീ ഗ്രൂപ്പില്‍നിന്നും വായ്പയെടുത്താണ് ഫാം നടത്തുന്നത്. 36 ദിവസത്തോളം തീറ്റ നല്കി വളര്‍ത്തിവലുതാക്കിയ കോഴികളാണ് നഷ്ടമായത്.
ഇറച്ചിക്കോഴിക്ക് മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കുന്ന സമയത്താണ് ഇത്രയധികം കോഴികളെ നഷ്ടമായത്. ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അടുത്ത ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം വ്യാപകമാണ്. കൽപറ്റ, സുൽത്താൻ ബത്തേരി നഗരങ്ങളിലടക്കം പകൽസമയത്തും നായ്ക്കൾ വിഹരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.