വെള്ളമുണ്ട: വിദ്യാലയ പരിസരങ്ങളിലെ കാട് വെട്ടാൻ നടപടിയില്ലാത്തത് കാരണം പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നു. ടൗണുകളിലടക്കം വിഷപ്പാമ്പുകൾ ഇറങ്ങുന്നത് പതിവായതോടെ സമീപത്തെ ക്ലാസ് റൂമുകളിലും ഭയം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം വെള്ളമുണ്ട എട്ടേ നാലിലെ പാർട്ടി ഓഫിസിന്റെ മൂത്രപ്പുരയിൽ നിന്നും മൂർഖനെ പിടികൂടിയിരുന്നു. പിറകുവശത്തെ കാട് മൂടിയ തോട്ടങ്ങളിൽ വ്യാപകമായി പാമ്പുകളുടെ സാന്നിധ്യമുണ്ട്. ഇതിനു സമീപത്താണ് വിദ്യാലയങ്ങൾ സ്ഥിതി ചെയ്യുന്നത്. പാമ്പുകൾ പതിവ് കാഴ്ചയാണെങ്കിലും ശാശ്വത പരിഹാരം ഉണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ അധ്യയന വർഷം പല തവണ വാർത്തയായിട്ടും പരാതി ഉയർന്നിട്ടും വിഷയത്തിൽ കാര്യമായ ഇടപെടൽ എവിടെ നിന്നും ഉണ്ടായിരുന്നില്ല. സമീപത്തെ സ്വകാര്യ തോട്ടങ്ങളക്കം കാടു മൂടി കിടക്കുന്നതാണ് പാമ്പുകൾ കൂട്ടത്തോടെ എത്താൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കാട് മൂടി കിടക്കുന്ന തോട്ടങ്ങൾ വർഷങ്ങളായി പാമ്പുകളുടെ വിഹാരകേന്ദ്രങ്ങളാണ്. ഉഗ്ര വിഷമുള്ളവയടക്കം നിരവധി ഇനം പാമ്പുകൾ ഈ കാടുകളിൽ നിന്നും സമീപത്തെ ടൗണുകളിലേക്കും വിദ്യാലയങ്ങളിലേക്കും എത്തുകയാണ്.
ഇഴജന്തുക്കൾക്കടക്കം കയറാൻ പാകത്തിൽ ജനൽ പാളി പോലുമില്ലാത്ത ക്ലാസ് മുറികൾ നിരവധിയാണ്. മുമ്പ് ക്ലാസ് മുറിക്കകത്ത് വിദ്യാർഥിയുടെ ബാഗിൽ നിന്നും പാമ്പിനെ കണ്ടെത്തിയ സംഭവം വെള്ളമുണ്ടയിൽ ഉണ്ടായിരുന്നു. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും അംഗൻവാടികളിലെയും ക്ലാസ് മുറികളില്‍ ബന്ധപ്പെട്ടവര്‍ മതിയായ പരിശോധന നടത്തി പൊട്ടിപ്പൊളിഞ്ഞ ക്ലാസ് മുറികള്‍ അടിയന്തരമായി നന്നാക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയ ജില്ല കലക്ടറുടെ ഉത്തരവിട്ടിരുന്നു. എന്നാൽ, സമീപത്തെ കാടുമൂടിയ പരിസരങ്ങൾ നന്നാക്കാൻ നടപടിയുണ്ടായില്ല.
പരിശോധനകളും നടപടികളും കാലങ്ങളായി പ്രഹസനമായ അനുഭവങ്ങളാണ് ഇതുവരെ ജില്ലയിലുള്ളത്. കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കളും ആശങ്കയിലാണ്. പി.ടി.എ കമ്മിറ്റികളുടെ ശ്രദ്ധയും ഇക്കാര്യത്തിൽ വേണ്ടത്ര ഉണ്ടാവുന്നില്ലെന്ന ആരോപണം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.