വെള്ളമുണ്ട: കനത്ത മഴയെത്തുടർന്ന് പുഴയും തോടുകളും നിറഞ്ഞു കവിഞ്ഞതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ .വെള്ളമുണ്ട തൊണ്ടർനാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം പൊങ്ങിയത്. പാലയാണ, വാരാമ്പറ്റ, നിരവിൽ പുഴ, കുഞ്ഞോം, മട്ടിലയം, മൊതക്കര പ്രദേശങ്ങളിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലാണ്. മുൻ വർഷങ്ങളിലും ഈ പ്രദേശ ങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ഏക്കർ കണക്കിന് കൃഷിയിടങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്. പുഴയരികിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളേറെയും നിറഞ്ഞു കവിയുന്ന പുഴയിലെ വെള്ളത്തിനു മുന്നിൽ ആശങ്കയിൽ കഴിയുകയാണ്.
പുൽപള്ളി: ശക്തമായ മഴയെ തുടർന്ന് പുൽപള്ളി വില്ലേജ് പരിധിയിലുള്ള 80ഓളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. പെരിക്കല്ലൂർ ഗവൺമെൻ്റ് ഹെസ്കൂൾ, പാക്കം ഗവ. സ്കൂൾ എന്നിവിടങ്ങളിലേയ്ക്കാണ് മാറ്റി പാർപ്പിച്ചത്. പെരിക്കല്ലൂരിൽ 15 ആളുകളെയും പാക്കം, പുഴമൂല കോളനിയിൽ നിന്ന് 65ഓളം ആളുകളെയുമാണ് മാറ്റിയത്. ജില്ല പഞ്ചായത്ത് മെംബർ ബീന ജോസ് ഗ്രാമപഞ്ചായത്ത് മെംബർമാർ,വില്ലേജ് അധികൃതർ, േശ്രയസ് ഭാരവാഹികൾ തുടങ്ങിയവർ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു.
വാളാട്: മഴക്കാലമായാൽ കൂടംകുന്ന് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെടും. ഒന്നോ രണ്ടോ മഴ ശക്തമായി പെയ്താൽതന്നെ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ജനങ്ങൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന കൂടുംകുന്നിലേക്കുള്ള റോഡിലേക്ക് വെള്ളം കയറും. വാളാട് റോഡിൽ നിന്ന് കൂടംകുന്ന് റോഡ് തുടങ്ങുന്ന ഭാഗം താഴ്ന്ന് നിൽകുന്നതിനാൽ വാളാട് പുഴ നിറഞ്ഞാൽ റോഡും വെള്ളത്തിലാകും. കൂടംകുന്ന് വഴി കാരച്ചാൽ പുതുശേരി ഭാഗങ്ങളിലേക്ക് പോകുന്ന റോഡും മഴ ശക്തമായാൽ വെള്ളമുണ്ട, മക്കിയാട്, കോറോം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവുന്ന പ്രധാന റോഡിലും വെള്ളം കയറും.
പിന്നീട് പഞ്ചായത്തോ സന്നദ്ധ പ്രവർത്തകരോ ഏർപ്പാടാക്കുന്ന ചെറു ബോട്ടിലാണ് നാട്ടുകാരുടെ സാഹസിക യാത്ര. സ്കൂൾ, ആശുപത്രി, റേഷൻ കട എന്നിവിടങ്ങളിലേക്ക് പോകാനും നിത്യോപയോഗ സാധനങ്ങൾ വാങ്ങാനുമെല്ലാം ബോട്ടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. വാളാട് ടൗണിനെ ആശ്രയിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളാണ് ഇത്തരത്തിൽ ഒറ്റപ്പെട്ടു പോകുന്നത്.
കൂടംകുന്ന് റോഡിനന്റെ നൂറുമീറ്ററിൽ താഴെവരുന്ന ഭാഗം ഏകദേശം രണ്ടുമീറ്റർ ഉയർത്തിയാൽ തന്നെ ഈ ദുരിതത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഈ ആവശ്യമായി പ്രദേശ വാസികൾ പല വാതിലുകളും മുട്ടിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അധികാരികളുടെ അവഗണന ഇനിയും സഹിക്കാനാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിൽ ബന്ധപ്പെടുമ്പോൾ ആവശ്യമായ ഫണ്ട് അവരുടെ പരിധിയിൽ നിൽക്കില്ലെന്നുള്ള വാദമുയർത്തി തിരിച്ചയക്കും. നവകേരള സദസിൽ മുഖ്യമന്ത്രിക്കടക്കം നിവേദനം കൊടുത്തിട്ടും അനുകൂലമായ തീരുമാനമുണ്ടായില്ല. ഇനിയും അവഗണന തുടരുന്ന പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
വാളാട്: അബദ്ധത്തിൽ പാലത്തിൽ നിന്ന് കാൽ വഴുതി പുഴയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി രക്ഷാപ്രവർത്തകർ. വാളാട് പള്ളിയറ സന്തോഷ് (42) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ വാളാട് അമ്പലക്കടവിലാണ് സംഭവം. ലോട്ടറി വിൽപനക്കാരനായ സന്തോഷ് വീഴുന്നത് കണ്ട് സമീപത്തെ കോളനിക്കാർ ബഹളം വെച്ചതോടെ പ്രദേശവാസിയായ ഇലവുങ്കൽ ഏലിയാസ് ഓടിയെത്തി തുരുത്തിൽ കുടുങ്ങിയ സന്തോഷിനെ അരയിൽ വടം കെട്ടി ഒഴുകി പോകാതേ സുരക്ഷിതനാക്കി. തുടർന്ന് വാളാട് റസ്ക്യൂ ടീമിലെ ചാലിൽ അയ്യൂബ്, നൊച്ചി മുനീർ, കാരുണ്യ റസ്ക്യൂ ടീമിലെ കുമ്പളംകണ്ടി മൊയ്തു എന്നിവർ കൊട്ട തോണിയുമായി എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
പുൽപള്ളി: മഴയുടെ കരുത്തിൽ കബനി നിറഞ്ഞു. പെരിക്കല്ലൂരിൽ റോഡിലേക്ക് വെള്ളം കയറിയത് പ്രദേശത്തെ നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചു. പുഴയോട് ചേർന്നുള്ള അഞ്ചു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് പുഴയിൽ അനിയന്ത്രിതമായി ജലനിരപ്പ് ഉയർന്നു. ഇതേത്തുടർന്നാണ് പെരിക്കല്ലൂരിൽ റോഡിലേക്ക് വെള്ളം കയറിയത്. ഈ ഭാഗത്ത് നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കൊട്ടത്തോണിയെ ആശ്രയിച്ചാണ് ആളുകൾ റോഡിന് ഇരുഭാഗങ്ങളിലേയ്ക്കും പോകുന്നത്. ഈ ഭാഗത്തെ റോഡ് ഉയർത്തികെട്ടണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട പരാതികൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. എല്ലാ വർഷവും ഇവിടെ പുഴ നിറയുമ്പോൾ വെള്ളം റോഡിലേക്ക് എത്തുന്നത് പതിവായിരിക്കുകയാണ്. ആ സമയങ്ങളിൽ പ്രദേശത്തെ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെടുന്ന അവസ്ഥയിലാണ്.
മേപ്പാടി: മഴക്കെടുതിയിൽ മേപ്പാടി പഞ്ചായത്ത് ഓഫിസിൽ കൺട്രോൾ റൂം ആരംഭിച്ചു. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ. 9526 O28056,9496048347,9744797131.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.