മേപ്പാടി: ചൂരൽമല പ്രദേശത്ത് മറ്റെന്തിനെക്കാളും രക്ഷാപ്രവർത്തനത്തിനാണ് മുൻതൂക്കം നൽകുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുരന്ത പ്രദേശത്ത് സാധ്യമായതെല്ലാം ചെയ്യും. ചൂരൽമലയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. ഇത് സംസ്ഥാനത്തിന്റെ മുഴുവൻ ദുഃഖമാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. ഹെലികോപ്റ്റർ ഉൾപ്പെടെ സംവിധാനങ്ങൾ ഉണ്ട്.
പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും വളരെ ഊർജിതമായാണ് പ്രവർത്തിക്കുന്നതെന്നും ഗവർണർ പറഞ്ഞു. ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീയിൽ നിന്ന് ഗവർണർ വിവരങ്ങൾ ആരാഞ്ഞു. കേരള കർണാടക സബ് ഏരിയ ജി.ഒ.സി മേജർ ജനറൽ മാത്യൂസ്, ജില്ല പൊലീസ് മേധാവി ടി. നാരായണൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.
ചൂരൽമല ദുരന്ത മേഖല സന്ദർശനത്തിനു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മേപ്പാടി വിംസ് ആശുപത്രി സന്ദർശിച്ചു. രോഗികളോടും കൂടെയുള്ളവരോടും സംസാരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചികിത്സയിലുള്ള കുട്ടികളെ ആശ്വസിപ്പിച്ചു. ദുഃഖത്തിൽ പങ്കുചേരുന്നതായി ഗവർണർ പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോർജുമായി ഗവർണർ ആശയ വിനിമയം നടത്തി.
മേപ്പാടി കുടുംബരോഗ്യ കേന്ദ്രവും ഗവർണർ സന്ദർശിച്ചു. ഡീൻ ഡോക്ടർ ഗോപകുമാരൻ കർത്ത, എക്സിക്യൂട്ടീവ് ട്രസ്റ്റി ബഷീർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോക്ടർ മനോജ് നാരായണൻ, അഡീഷനൽ മെഡിക്കൽ സൂപ്രണ്ടന്റ് ഡോക്ടർ അനീഷ് ബഷീർ. ഡി.ജി.എം ഓപ്പറേഷൻ ഡോക്ടർ ഷഹനവാസ് പള്ളിയാൽ,ഡി.ജി.എം സൂപ്പി കല്ലങ്കോടൻ, ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യം ഡോ.പി.ദിനീഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പ്രിയ സേനൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.