പീച്ചങ്കോട്: മതിയായ ജീവനക്കാരില്ലാതെ ജില്ലയിലെ ഏക സര്‍ക്കാര്‍ അര്‍ബുദ ചികിത്സ കേന്ദ്രത്തിന്റെ പ്രവർത്തനം അവതാളത്തിൽ. പീച്ചങ്കോട് അംബേദ്കറിലെ ജില്ല കാന്‍സര്‍ സെന്ററിന് ആവശ്യത്തിന് സ്ഥലവും കെട്ടിടങ്ങളുമുണ്ടെങ്കിലും മതിയായ ജീവനക്കാര്‍ ഇല്ലാത്തതാണ് തിരിച്ചടിയാകുന്നത്.
കിഡ്നി രോഗികള്‍ക്കായി ഇവിടെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആവശ്യമായ ജീവനക്കാരില്ലാത്തത് ഇതിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സി.എച്ച്.സി സ്റ്റാഫ് പാറ്റേണില്‍ പ്രവര്‍ത്തിക്കുന്ന അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിനെ ജനറല്‍ ആശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. എട്ട് ഏക്കറോളം സ്ഥലവും ആവശ്യമായ കെട്ടിടങ്ങളുമുള്ളതിനാല് സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടായാല്‍ വികസനം വേഗത്തില്‍ യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. കുറഞ്ഞത് 20 പേര്‍ക്കെങ്കിലും കിടത്തിച്ചികിത്സ നല്കാന് ആവശ്യമായ തസ്തികകള്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലുള്ള കണക്ക് പ്രകാരം 3792 അര്‍ബുദ രോഗികളാണ് ജില്ലയിലുള്ളത്.
ട്രൈബല്‍ ആശുപത്രികൂടിയായ കാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്നവരില്‍ അധികവും ആദിവാസികളാണ്. സാമ്പത്തിക ബാധ്യതയും ദൂരക്കൂടുതലും കാരണം പുറത്തുപോയി ചികിത്സ തേടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
അതിനാല്‍തന്നെ നിരവധി പേരാണ് അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്നത്. കിഡ്നി രോഗികള്‍ക്കായി ഡയാലിസിസ് സെന്ററും ഡയാലിസിസ് മെഷീനുകളും ആശുപത്രിയിലുണ്ട്. എന്നാൽ, ഇതിനായി മൂന്നു ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. ജീവനക്കാരുടെ എണ്ണം കൂട്ടുന്നതും ആശുപത്രിയുടെ പദവി ഉയര്‍ത്തുന്നതുമെല്ലാം പരാമർശിച്ച് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി അധികൃതര്‍ വർഷങ്ങൾക്ക് മുമ്പ് ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.