കൽപറ്റ: വയനാടിനെ പുനർനിർമിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വയനാട് ഫെസ്റ്റിന് ഒരുക്കമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം നൽകുന്ന വയനാട് ഫെസ്റ്റ് - കം ഷോപ്പിങ് ഫെസ്റ്റിവൽ ജനുവരി ആറിന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയാണിത്.
വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും സർവിസ് മേഖലയിൽ ഉള്ളവരും അടക്കം വിവിധ സംഘടനകൾ സഹകരിക്കും. വയനാട് ഫെസ്റ്റിന് തുടക്കം കുറിച്ച് കൽപറ്റ നഗരത്തിൽ ആറിന് വൈകീട്ട് നാലിന് റാലിയും റോഡ് ഷോയും നടത്തും. ലളിത് മഹൽ ഓഡിറ്റോറിയം പരിസരത്തുനിന്ന് ആരംഭിക്കും. വയനാടിന്റെ തനത് കലാരൂപങ്ങൾ, ബാൻഡ്, നാസിക് ഡോൾ, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെയുള്ള റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുക്കും.
മലബാർ ഗോൾഡിന് സമീപം പ്രത്യേകം തയാറാക്കിയ വയനാട് ഫെസ്റ്റ് നഗരിയിൽ റാലി സമാപിക്കും. ഉദ്ഘാടന സമ്മേളനവും തുടർന്ന് മെഗാ മ്യൂസിക്കൽ നൈറ്റ് പ്രോഗ്രാമും ഉണ്ടാവും. ആറുമാസം നീളുന്ന വയനാട് ഫെസ്റ്റ് ദിനങ്ങളിൽ ജില്ലയിലെ എല്ലാ ചെറുതും വലുതുമായ ടൗണുകൾ കേന്ദ്രീകരിച്ചുകൊണ്ട് നിരവധി ഗായകരെ അണിനിരത്തി ഗായക സദസ്സ് ഒരുക്കും. റീ ബിൽഡ് വയനാട് എന്ന ആശയം മുൻനിർത്തി വയനാട് ജില്ലയിലെ എല്ലാ പ്രദേശങ്ങളും സജീവമാക്കുക എന്ന ലക്ഷ്യത്തിലാണ് ഗായക സദസ്സ് എന്ന പേരിൽ പാട്ടുവണ്ടി ക്രമീകരിച്ചിട്ടുള്ളത്. ടൂറിസം കേന്ദ്രങ്ങളിലും ഗാനമേളകളും കലാപരിപാടികളും നടത്തും.
വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് ജോജിൻ ടി ജോയ്, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, ഡി.ടി.പി.സി മാനേജർ പ്രവീൺ, ഫെസ്റ്റ് കോഓഡിനേറ്റർ മുഹമ്മദ് റഫീഖ്, ജില്ല ഭാരവാഹികളായ പി.വി. അജിത്ത്, നിസാർ ദിൽവേ, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ അസോസിയേഷൻ ജില്ല പ്രസിഡന്റ് അസ്ലം ബാവ എന്നിവർ പങ്കെടുത്തു.
ജനുവരി ആറ് മുതൽ വയനാട് ജില്ലയിലെ ഏത് സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾ വാങ്ങുന്ന സാധനങ്ങളുടെ തോതനുസരിച്ച് സമ്മാന കൂപ്പണുകൾ ലഭിക്കും. ആഴ്ചകൾ തോറും നറുക്കെടുപ്പ് നടത്തി 1000 രൂപയുടെ 50 പർച്ചേസ് വൗച്ചറുകൾ വീതം നൽകും.
ടൂറിസം സർവിസ് മേഖലകളിലും കൂപ്പൺ ലഭിക്കുന്ന വിധത്തിലാണ് ഫെസ്റ്റ് ക്രമീകരിച്ചത്. കാറുകളും ബുള്ളറ്റുകൾ ഉൾപ്പെടെ മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും അടക്കം രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
1000 രൂപയുടെ പർച്ചേസ് വൗച്ചർ ഓരോ ആഴ്ചയിലും 50 പേർക്ക് വീതം ഫെസ്റ്റ് കാലയളവിൽ നൽകും. മാസംതോറും ബംബർ ഉൾപ്പെടെയുള്ള നറുക്കെടുപ്പുകൾ സ്റ്റേജ് പരിപാടികളോടെ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.