കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക പ്രകാരം മൃതദേഹം ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താന്‍ കഴിയാത്തവരുടെ കുടുംബങ്ങള്‍ക്കുള്ള മരണാനന്തര ധനസഹായം വേഗത്തില്‍ നല്കാന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഔദ്യോഗിക കണക്ക് പ്രകാരം ഉരുൾ ദുരന്തത്തില്‍ മരിച്ചത് 263 പേരാണ്. ഡി.എന്‍.എ പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 35 പേരെ ഇനിയും കണ്ടെത്താനുണ്ട്. രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററില്‍ നിലവില്‍ 100 സാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനക്കയച്ചിട്ടുണ്ട്.
കാണാതായ 35 പേരുടെ പട്ടിക റവന്യൂ, പഞ്ചായത്ത്, പൊലീസ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി സബ് കലക്ടര്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ജില്ല കലക്ടര്‍ സംസ്ഥാന സര്‍ക്കാറിലേക്ക് മരണ സ്ഥിരീകരണത്തിനായി ലിസ്റ്റ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ അറിയിക്കാം.
അന്തിമ പട്ടിക സര്‍ക്കാർ വെബ്സൈറ്റ്, ഗസറ്റ്, രണ്ട് ദിനപത്രങ്ങള്‍, വില്ലേജ് -താലൂക്ക്, പഞ്ചായത്ത് ഓഫിസുകളില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് പട്ടികയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യും.
കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാർത്തസമ്മേളനത്തില്‍ കലക്ടര്‍ ഡി.ആര്. മേഘശ്രീ, ലാൻഡ് റവന്യൂ കമീഷണര്‍ ഡോ. എ. കൗശികന്, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസി. കലക്ടര്‍ എസ്. ഗൗതം രാജ്, എ.ഡി.എം കെ. ദേവകി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കരട് പട്ടിക പ്രകാരം 441 ആക്ഷേപങ്ങളാണ് ലഭിച്ചത്. ഇവയില്‍ സബ് കലക്ടര്‍, പഞ്ചായത്ത് -വില്ലേജ്-താലൂക്ക്തല ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച സ്ഥലപരിശോധന ആരംഭിക്കും. ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി നടത്തിയ പരിശോധനയിലെ ഗോ, നോ ഗോ സോണ്‍ ഏരിയയില്‍ ജനുവരി 13നകം പെഗ് മാര്‍ക്ക് രേഖപ്പെടുത്തി സർവേ കല്ലുകള്‍ സ്ഥാപിച്ച് കോഓഡിനേറ്റ് ജിയോ ടാഗ് ചെയ്യും.
ഫെബ്രുവരി ആദ്യവാരത്തോടെ ടൗണ്‍ഷിപ് ഗുണഭോക്താക്കളുടെ രണ്ടാംഘട്ട ലിസ്റ്റ് പ്രസിദ്ധീകരിക്കും.
കൽപറ്റ: കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർവ സന്നാഹവുമായാണ് സർവേ സംഘം സർവേ നടത്തുന്നത്.
ഡെപ്യൂട്ടി ഡയറക്ടർ ആർ. ബാബുവിന്റെ മേൽനോട്ടത്തിൽ ഹെഡ് സർവേയൾ പ്രബിൻ സി. പവിത്രന്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രവർത്തിക്കുന്നത്. ടൗൺഷിപ്പിന് ഉപയോഗിക്കാവുന്ന ഭൂമിയുടെ അന്തിമ കണക്കെടുപ്പാണ് നടക്കുന്നത്. ജില്ല സർവേ സൂപ്രണ്ട് ഷാജി കെ. പണിക്കർ, ജില്ല ഹെഡ് സർവേയർ ഉല്ലാസൻ എന്നിവരും സംഘത്തിലുണ്ട്.
സര്‍ക്കാര്‍ ക്വാർട്ടേഴ്സ്, വാടക വീടുകള്‍, ബന്ധുവീടുകളില്‍ താൽക്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ കലക്ടറേറ്റിലെ സ്പെഷല്‍ സെല്ലില്‍ അറിയിക്കാം. പരാതി പരിഹാരത്തിന് സബ് കലക്ടര്‍ നോഡല്‍ ഓഫിസറായ യൂത്ത് ടീം പ്രവര്‍ത്തിക്കും. എന്‍.എസ്.എസ് വളന്റിയേഴ്സ്, കൗണ്‍സിലര്‍മാര്‍, സന്നദ്ധ വളന്റിയര്‍മാരെ ഉള്‍പ്പെടുത്തി 50 കുടുംബത്തിന് ഒരു ടീം എന്ന രീതിയിലാണ് പ്രവര്‍ത്തനം.
സ്പെഷല്‍ സെല്ലില്‍ ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ മാസത്തില്‍ പ്രത്യേക അദാലത് നടത്തി പരിഹാരം കണ്ടെത്തും.
ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിന്റെ ഭാഗമായ നിർദിഷ്ട ടൗൺഷിപ്പിനായി കണ്ടെത്തിയ എച്ച്.എം.എൽ നെടുമ്പാല ഡിവിഷനിലെ തോട്ടഭൂമിയും കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റും മന്ത്രി കെ. രാജൻ സന്ദർശിച്ചു. ജില്ല കലക്ടര്‍ ഡി.ആര് മേഘശ്രീ, ലാൻഡ് റവന്യൂ കമീഷണര്‍ ഡോ. എ. കൗശികന്, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസി. കലക്ടര്‍ എസ്. ഗൗതം രാജ്, സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു, സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്, പി.കെ. മൂർത്തി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഭൂമിയുടെ വിലനിര്‍ണയ സർവേ നടപടി പൂര്‍ത്തീകരിക്കുന്ന മുറക്ക് ബന്ധപ്പെട്ട സ്ഥലങ്ങളിലെ ഭൂമി ഒരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിർമാണ ഏജന്‍സികളായ കിഫ്കോണിനും ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിക്കും മന്ത്രി നിർദേശം നല്കി.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലെ സർവേ നടപടി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി കെ. രാജന്.
ടൗണ്‍ഷിപ് നിർമാണ പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള ഹൈഡ്രോളജിക്കല്‍ - ജിയോളജിക്കല്‍ - ഫോട്ടോഗ്രാഫിക് - ഭൂമിശാസ്ത്ര സർവേകള്‍ ജനുവരിയോടെ പൂര്‍ത്തീകരിക്കും. നിലവില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമിയുടെ വില നിർണയ സർവേ ജനുവരി ഒന്നിന് ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തിനകം എല്‍സ്റ്റണിലെയും നെടുമ്പാല എസ്റ്റേറ്റിലെ ഭൂമി സർവേ ആരംഭിച്ച് 20 ദിവസത്തിനകം പൂര്‍ത്തീകരിക്കും.
ഫീല്‍ഡ് പരിശോധന പൂര്‍ത്തിയാക്കി കെട്ടിട നിയമം പരിഗണിച്ച് ഭൂമിയുടെ ശാസ്ത്രീയത അടിസ്ഥാനമാക്കി പരമാവധി ഭൂമി ഉപയോഗപ്പെടുത്തിയാണ് ടൗണ്‍ഷിപ് നിർമിക്കുക. അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നല്കുന്ന 300 രൂപ ജീവനോപാധി ധനസഹായം ദീര്‍ഘിപ്പിച്ച് നല്കാന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ശിപാര്‍ശ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
സർവേ നടപടികള്‍ക്കുശേഷം ഭൂമി ഒരുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ കിഫ്കോണിനും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കും നിർദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.